Ultimate magazine theme for WordPress.

കസേരക്കു വേണ്ടിയുള്ള കസേരക്കളി

ഷാജി ആലുവിള

സ്ഥാനമാനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ പാർട്ടിയിലും സാമൂഹിക മേഖലയിലും ആത്മീയ സംഘടനകളിലും നടത്തുന്ന വടംവലിയെ ആണ് പൊതുവെ ഈ കസേര കളി എന്നുപറയുന്നത്. കുറച്ചു നാളുകളായി കേരളത്തിലെ രാഷ്ട്രീയ രംഗങ്ങളിൽ സ്ഥാനങ്ങൾക്കുവേണ്ടി നടത്തുന്ന കസേരകളി നമ്മൾ കണ്ടുകൊണ്ടിരിക്കയാണ്.മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ മുഖ്യരായ മൂന്നുപേർ പത്തുദിവസമായി ഓടിക്കളിച്ചു. ഒടുവിൽ ഒരാൾക്ക് കിട്ടി മുഖ്യ കസേര.

കസേരക്കും കസേരകളിക്കും ഒരു ചരിത്രമുണ്ട്. ബി. സി. 2600 ൽ ഈജിപ്റ്റിലാണ് കസേരയുടെ ഉത്ഭവമെന്ന്‌ അനുമാനിക്കുന്നു. അന്ന് അധികാരത്തിന്റെയും സമ്പന്നതയുടെയും പ്രതീകമായിരുന്നു കസേര. ഗ്രീക്കുകാരും റോമൻ പ്രഭുക്കന്മാരും അലങ്കരകസേരകൾ നിർമ്മിച്ചിരുന്നത് വിലക്കൂടിയ തടിയിലും ആനക്കൊമ്പിലും ആയിരുന്നു. 1760- 1840 ൽ കസേരകളുടെ നിർമ്മാണം വലിയ തോതിൽ ആരംഭിക്കുകയും നവോത്ഥാന കാലഘട്ടത്തിൽ സാധാരണക്കാർക്കും ലഭ്യമായി തുടങ്ങുകയും ചെയ്തു. പുരാതന കാലത്ത് ഫറവോമാരും (ഈജിപ്റ്റിലെ ) റോമൻ പ്രഭുക്കൻമ്മാരും അധികാര ചിഹ്നമായി അലങ്കാരപ്പണിയുള്ള കസേരകൾ ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീസിലെ “ക്ലിസ്സ്‌മോസ്” കസേരകൾ വളരെ പേരുകേട്ടതാണ്. ഏകദേശം 18 ആം നൂറ്റാണ്ടോടുകൂടി വീടുകളിൽ ഉപയോഗിക്കത്തക്ക കസേരകൾ ലഭ്യമായിതുടങ്ങി. 19 ആം നൂറ്റാണ്ടിൽ ചാൾസ് ഡാർവിൻ, ഓഫീസ് കസേരയുടെ കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചത് വിപ്ലവകാരമായി.

പിന്നീട് പലരൂപത്തിലും പലരീതിയിലും കസേര നിർമ്മാണങ്ങൾ അനേക കമ്പനികൾ ആരംഭിച്ചു. കുട്ടിക്കസേര മുതൽ സിംഹാസനം വരെ കസേരകൾ നിലവിലുണ്ട്. നേതാക്കന്മാരുടെ സ്ഥാനത്തിനൊത്ത്‌ രൂപകല്പന ചെയ്ത് കസേരകൾ സ്ഥാപിക്കാറുണ്ട്. ചില ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ കാലം ചെയ്താൽ പ്രത്യേക തരത്തിലുള്ള കസേരയിൽ ഇരുത്തിയാണ് സംസ്ക്കരിക്കുന്നത്. അത് അവരുടെ സഭാപരമ്പര്യമാണ്.
ഒരിക്കൽ പദവിയുടെ അധികാരക്കസേരയിൽ ഒരാൾ ഇരുന്നുപോയായൽ മരണം വരെ അതിൽ തുടരാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. അത് ഒരു ലഹരിയായിമാറും. അധികാരം നഷ്ടമായാൽ ആരും ആരുമല്ല എന്നുള്ള വസ്തുതയാണ് കാരണം.

പദവിയുടെ സിംഹാസനത്തിൽ ഉപവിഷ്‌ഠനകാൻ വടംവലിയും കസേരകളിയും കൂടിവരുന്നത് ജനം കണ്ടുതുടങ്ങിയിട്ട് കാലം കുറെയായി. സംഗീതത്തിനൊപ്പം കളിക്കുന്ന ഒരു ജനപ്രിയ വിനോദമാണ് കസേരകളി. കളിക്കാർ കസേരക്ക് ചുറ്റും ആദ്യം നടക്കുകയും സംഗീതം നിൽക്കുമ്പോൾ ഒഴിവുള്ള കസേരയിൽ ഇരിക്കുകയും വേണം. കസേര കിട്ടാത്തവർ കളത്തിൽ നിന്നും പുറത്താക്കുന്നു. ആളിന്റെ എണ്ണം കുറയുന്നതാനുസരിച്ചു നടത്തം ഓട്ടമായി മാറുന്നു. അപ്പോൾ കളിക്കാരുടെ എണ്ണത്തേക്കാൾ ഒരു കസേര കുറവായികൊണ്ടിക്കും. ഓരോ റൗണ്ടിനു ശേഷം ഓരോകസേര നീക്കം ചെയ്യും. ഒടുവിൽ പാട്ടിനൊപ്പം പുറത്തുനിൽക്കുന്നവരുടെ കയ്യടിയും ആർപ്പുവിളിയും കൂടുന്നു. ഒടുവിൽ ഒരു കസേരയും രണ്ടുപേരും മാത്രം ശേഷിക്കും. ശരിക്കും വട്ടംകറക്കിയശേഷം ഒരാൾ ആ കസേരയിൽ ഇരിക്കുകയും അയാൾ വിജയിക്കുകയും ചെയ്യുന്നു. ഇതാണ് കസേരകളി.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ അധികാര പദവികൾക്കായി നടക്കുന്ന തർക്കങ്ങളെ സൂചിപ്പിക്കുവാൻ കസേരകളിയെന്ന പദപ്രയോഗം ഉപയോഗിക്കുന്നു. പദവിയുടെ കസേരകൾക്കു വേണ്ടി അല്ലങ്കിൽ മന്ത്രിക്കസേരകൾക്ക് വേണ്ടി, ഇനിയുള്ള ദിവസങ്ങളിൽ വാദപ്രതിവാദങ്ങളും കാലുവരാലും കുതികാൽവെട്ടലും വിലപേശാലുകളും അനുരഞ്ജനങ്ങളും ജനം കാണുവാൻ പോകുകയാണ്. ഈ പ്രതിഭാസം മതസംഘടനകളിലും സഭാതലങ്ങളിലും കാണുന്നുണ്ട്. പദവികൾ പിടിച്ചെടുക്കുവാൻ ഒടുമ്പോഴാണ് മത്സരവും കസേരകളിയുമുണ്ടാകുന്നത്. നിയോഗമായി പദവി എത്തിച്ചേരുകയാണെങ്കിൽ കസേരക്ക് വേണ്ടിയുള്ള കള്ളക്കളി ഉണ്ടാകില്ല. ഒരു പദവിക്കസേരയിൽ ഒരാൾക്ക് മാത്രമാണ് അനുവാദം. കസേരയൊന്നും കളിക്കാർ അധികവുമായാൽ സമവായത്തിനനുസരിച്ച് നിന്നാൽ കാര്യങ്ങൾ വഷളാകുകയില്ല. ജനം തെരുവിലറങ്ങുകയുമില്ല. സത്യത്തിൽ നേതാക്കൻമ്മാരുടെ ഈ കസേരകളി ജനസേവനം നടത്തി നാട് നന്നാക്കാനോ? അതോ സ്വന്തം യശസ്സ് ഉയർത്താനോ? നാടിന്‌ നന്മചെയ്യുവാനായിരിക്കണം ഓരോ ഭരണാധികാരിയും കസേരയിൽ ഇരിക്കേണ്ടത്. വിഭാഗീയത ഇല്ലാതെ നല്ല സേവനത്തിനായിരിക്കണം അധികാരികളുടെ ഓരോ കസേരയും.

സാധാരണ ജനത്തിന്റെ ആശ്വാസവുമാകണം പദവിയിൽ എത്തുന്നവർ. അല്ലാതെ പുറത്ത് കടത്താനും, വീട്ടിലിരുത്താനുമുള്ള ധാഷ്ട്യക്കാരാകരുത് ജനപ്രതിനിധികൾ. ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാവർക്കും ഒരുപോലെയാണ്. തിരിച്ചറിവില്ലാത്ത ഭരണാധികാരികൾ പ്രജകളുടെ അവകാശങ്ങൾക്ക് മുകളിൽ തങ്ങളുടെ അവകാശത്തിന്റെ കൊടി നാട്ടും. ഒപ്പം അടിച്ചമർത്തലും. സ്വന്തം ജീവിതാവസ്ഥയെ ഏറ്റവും വിനയാന്വിതമായി അഭിമുഖീകരിക്കുന്നവരാണ് സിംഹാസനങ്ങൾ അലങ്കരിക്കേണ്ടത്. അങ്ങനെ ആകട്ടെ പുതിയ ഭരണവും ഭരണാധികാരികളും. കേരളത്തിന് അഭിമാനമകട്ടെ അവർ. കേരളത്തിനായി തിളക്കട്ടെ ചോര നമ്മുടെ ഞരമ്പുകളിൽ.

Sharjah city AG

Comments are closed.