*ഈസ്റ്റർ ദിനത്തിലെ ആത്മീയ മോചനം; യുഎസ് പൈലറ്റിന്റെ രക്ഷപ്പെടലിനെ യേശുവിന്റെ പുനരുത്ഥാനത്തോട് ഉപമിച്ച് പ്രതിരോധ സെക്രട്ടറി!*
യുഎസ് : ഇറാനിൽ തകർന്നു വീണ അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റിനെ ഈസ്റ്റർ ദിനത്തിൽ രക്ഷപ്പെടുത്തിയതിനെ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തോടാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് ഉപമിച്ചത്. ആ പൈലറ്റ് ഇപ്പോൾ “വീണ്ടും ജനിച്ചിരിക്കുകയാണ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച തെക്കൻ ഇറാന് മുകളിൽ വെച്ച് എഫ്-15 യുദ്ധവിമാനം വെടിയേറ്റു വീണതിനെത്തുടർന്നാണ് പൈലറ്റ് ശത്രുപക്ഷത്തിന്റെ പിടിയിലാകാൻ സാധ്യതയുള്ള അപകടാവസ്ഥയിലായത്. പൈലറ്റിനെ പിടികൂടുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
അപകടത്തിൽപ്പെട്ട പൈലറ്റ് ഒടുവിൽ തന്റെ എമർജൻസി ട്രാൻസ്‌പോണ്ടർ വഴി അയച്ച ആദ്യ സന്ദേശം “God is good” (ദൈവം നല്ലവനാണ്) എന്നായിരുന്നു എന്ന് ഹെഗ്‌സെത് വെളിപ്പെടുത്തി. ഒറ്റപ്പെട്ടും അപകടം നിറഞ്ഞതുമായ ആ നിമിഷത്തിലും പൈലറ്റിന്റെ വിശ്വാസവും പോരാട്ടവീര്യവുമാണ് പ്രകടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്റർ ദിനത്തിൽ തന്നെ പൈലറ്റിനെ സുരക്ഷിതനായി തിരികെ ലഭിച്ചത് ഒരു വലിയ അത്ഭുതമായാണ് അമേരിക്കൻ ഭരണകൂടം ഇപ്പോൾ കാണുന്നത് .

Comments are closed.