ബീജിംഗ്: ചൈനയിലെ പ്രമുഖ പ്രോട്ടസ്റ്റന്റ് സഭയായ സിയോൺ ചർച്ചിലെ നേതാക്കളെ തടവിലാക്കിയ സംഭവത്തിൽ നിയമപോരാട്ടം നടത്തുന്ന അഭിഭാഷകർക്ക് നേരെ ചൈനീസ് അധികൃതർ സമ്മർദ്ദം ശക്തമാക്കുന്നു. സഭയുടെ സ്ഥാപകനായ പാസ്റ്റർ എസ്ര ജിന്നിനെ വിട്ടയക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേസിൽ ഇടപെടുന്ന അഭിഭാഷകർക്കെതിരെ ചൈന തിരിഞ്ഞത്.
വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേസിൽ ഹാജരാകുന്ന പ്രമുഖ അഭിഭാഷകൻ ഷാങ് കായിയുടെ നിയമപരമായ ലൈസൻസ് അധികൃതർ റദ്ദാക്കി. സിയോൺ ചർച്ചിന് വേണ്ടി വാദിക്കുന്ന മറ്റ് പല അഭിഭാഷകരുടെയും ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയോ ഉദ്യോഗസ്ഥർ മുഖേന താക്കീത് നൽകുകയോ ചെയ്തിട്ടുണ്ട്. ഇത് നീതിന്യായ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്ന് സഭാനേതൃത്വം ആരോപിക്കുന്നു. ജിൻ മിംഗ്രി എന്നും അറിയപ്പെടുന്ന പാസ്റ്റർ എസ്ര ജിന്നിനെ 2025 ഒക്ടോബറിൽ ഗുവാങ്‌സി പ്രവിശ്യയിലെ വസതിയിൽ നിന്നാണ് അധികൃതർ പിടികൂടിയത്.

Comments are closed.