ജോർജ് മാത്യു പുതുപ്പള്ളി
(Sydney, Australia)
ഡോ. പി സി അലക്സാണ്ടർ അങ്കിളിനെ എനിക്ക് ഒരിക്കലും മറക്കാനാവില്ല.
ഞാൻ ആദ്യം അദ്ദേഹത്തെ കാണുന്നത് കോട്ടയം മലയാള മനോരമയിൽ അഖില കേരള ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒരു പരിപാടിയിൽ അദ്ദേഹം പ്രസംഗിക്കാൻ വന്നപ്പോഴാണെന്നാണ് എന്റെ ഓർമ.
ഞാൻ അദ്ദേഹത്തിന്റെ പള്ളിയിലെ വൈദികനായതോടെ ആ സ്നേഹബന്ധത്തിന്റെ ആഴം വർദ്ധിച്ചു. പ്രായംകൊണ്ട് അദ്ദേഹത്തിന്റെ മകനെക്കാൾ ഇളയതായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ വാത്സല്യപൂർണമായ സ്നേഹമാണ് അദ്ദേഹം എനിക്കു നൽകിയത്.
അന്ന് അദ്ദേഹം ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നതിനാൽ വലിയ തിരക്കുള്ള വ്യക്തിയായിരുന്നു. എങ്കിലും ദേവാലയത്തിലെ പരിപാടികളിലൊക്കെ ഏറെ സഹകരിച്ചിരുന്നു.
രണ്ട് പ്രാവശ്യം ലോകസഭാസമ്മേളനം കാണാനുള്ള സൗജന്യ പാസ് അദ്ദേഹം എനിക്കു നൽകി. ഇന്ത്യയിലെ എംപി മാർ തമ്മിലുള്ള വാക്പയറ്റ് ആദ്യമായി ഞാൻ ആസ്വദിച്ചു കണ്ടത് അന്നാണ്. കേരളത്തിലെ അന്നത്തെ മിക്ക എംപി മാരെയും ഞാൻ നേരിൽ കാണുന്നതും അന്നായിരുന്നു.
നിഷ്കളങ്കസ്നേഹത്തിന്റെ ഉടമയായിരുന്നു ഡോ. പി സി അലക്സാണ്ടർ. ‘അങ്കിൾ’ എന്ന് അദ്ദേഹത്തെ വിളിക്കുവാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്കു നൽകിയിരുന്നു. മരിക്കുന്നതുവരെ ‘അലക്സാണ്ടർ അങ്കിൾ’ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്.
ഒരിക്കൽ അദ്ദേഹം പറഞ്ഞ ഒരു സംഭവം എന്റെ ഹൃദയത്തിൽ ഇന്നും തിളങ്ങിനിൽക്കുന്നു. അത് ഇങ്ങനെ : ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ മരിച്ചപ്പോൾ അനേക പ്രമുഖവ്യക്തികൾ അവരെ ആശ്വസിപ്പിക്കാനെത്തി. ചിലർ മിനിട്ടുകളോളം ആശ്വാസവാക്കുകൾ പറഞ്ഞ് ഇന്ദിരാജിയെ ആശ്വസിപ്പിക്കുവാൻ തയാറായി.
ഒടുവിൽ മദർ തെരേസയും ഇന്ദിരാജിയെ കാണാനെത്തി. തളർന്നിരുന്ന ഇന്ദിരാജിയുടെ കയ്യിൽ തന്റെ മെലിഞ്ഞ കൈകൊണ്ട് ചില മിനിറ്റുകൾ മദർ തെരേസ പിടിച്ചു കൊണ്ടിരുന്നു. ഒരക്ഷരവും സംസാരിച്ചില്ല. ഒടുവിൽ മദറിന്റെ രണ്ടുതുള്ളി കണ്ണീർ ഇന്ദിരയുടെ കൈത്തണ്ടയിൽ വീണു. അല്പം കഴിഞ്ഞ് മദർ തെരേസ മടങ്ങിപ്പോയി.
ഇന്ദിരാഗാന്ധി പിന്നീട് ഒരിക്കൽ ഡോ. പി സി അലക്സാണ്ടറോട് ഇങ്ങനെ പറഞ്ഞു : ‘ഡോ. അലക്സാണ്ടർ, മദർ തെരേസ എന്റെ കയ്യിൽ പിടിച്ച് നിശബ്ദയായി നിന്ന ഏതാനും നിമിഷങ്ങളിലെ ആ സ്പർശനമുണ്ടല്ലോ, അതായിരുന്നു എന്റെ മകന്റെ മരണം സൃഷ്‌ടിച്ച തീരാവേദനയിൽ എനിക്ക് പൂർണ ആശ്വാസം പകർന്നത്’.
(വാട്സ്ആപ്പ് : 98474 81080) ❤️

Comments are closed.