പാസ്റ്റർ പ്രവീൺ പ്രചോദന
രണ്ടു ആയുധങ്ങളെ പ്രതിപാദിച്ചുകൊണ്ടാണ് 6ാം വാക്യം ആരംഭിക്കുന്നത്: വില്ലും,വാളും. ഇവ ശക്തിയുക്തമായവയാണ്.സൂക്ഷ്മമായി ഉപയോഗിക്കണമെങ്കിൽ തീവ്രപരിശീലനം വേണം.എത്ര പരിശീലനമുണ്ടെങ്കിലും നായകത്വത്തിനു വഴങ്ങുന്നതായിരിക്കണം. ദൈവത്തെ കൂടാതെ എത്ര കഴിവുകളുണ്ടെങ്കിലും, തികഞ്ഞ പരിശീലനമുണ്ടെങ്കിലും, ആത്മവിശ്വാസമുണ്ടെങ്കിലും വാൾ തിരിയാനും അസ്ത്രം ഒടിഞ്ഞുപോകാനും,സ്വയം തകർന്നുപോകാനും ഇടയാകും.ആയതിനാൽ എനിക്കെന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും ദൈവസന്നിധിയിൽ അവയെല്ലാം വട്ടപ്പൂജ്യമാണ്. ദൈവീകപ്രവർത്തനങ്ങൾക്കും, ദൈവീക വിശ്വാസങ്ങൾക്കും, വിടുതലുകൾക്കും, വിജയങ്ങൾക്കും ജഡത്തിന്റെ ആയുധങ്ങൾക്ക് സ്ഥാനമില്ല. ജഡത്തിന്റെ ആയുധങ്ങൾ തോൽക്കുന്നിടത്ത് ദൈവീക വിജയം സുനിശ്ചിതമാണ്.അതുകൊണ്ട് ആശ്രയം ദൈവത്തിലും വിടുതൽ രക്ഷകനായ ദൈവത്തിലും അർപ്പിക്കണം.
വൈരികളുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയെന്നത് ആശ്ചര്യത്തോടെയല്ലാതെ കാണാൻ കഴിയില്ല. ആ വിടുതലിനെ ഒരുനാളും മറക്കുവാനും കഴിയുന്നതല്ല. ദൈവത്താൽ വൈരികൾ പിന്മാറുന്നതും പകക്കുന്നവർ ലജ്ജിക്കുന്നതും ഭക്തന്റെ വരാനിരിക്കുന്ന ജീവിതത്തിനു മാറ്റേകുന്നതാണ്. വിജയം നമുക്ക് ലഭിച്ചതാണെങ്കിലും അതിന്റെ പൂർണ്ണാവകാശം എക്കാലവും ദൈവത്തിനു മാത്രമാണ്.
ദൈവത്തിൽ പ്രശംസിക്കുവാനും പുകഴുവനും നമുക്ക് അവകാശം ഉണ്ട്. കാരണം നാം അവന്റെ ജനമല്ലോ! വിജയം താൽക്കാലികമല്ലാത്തതുപോലെ,നമ്മുടെ പ്രശംസയും സ്തോത്രങ്ങളും ദൈവത്തിനായി നിത്യസമർപ്പണമായിരിക്കണം.അതെപ്പോഴും എന്നേക്കും ആവർത്തിച്ചുകൊണ്ടേയിരിക്കണം.
പരാജയത്തിന്റെ പടുകുഴിയിൽ വീണുപോയതുപോലെയും, ദൈവം തള്ളിക്കളഞ്ഞു ഇനി ഒരു ഉയർത്തെഴുന്നേൽപ്പില്ലെന്നുമൊക്കെ വിലപിക്കുമ്പോൾ, വൈരികൾ നമ്മെ തകർത്തുകളയും, ഉള്ളതൊക്കെയും അവർ കൊള്ളയടിക്കും ഇതാണോ ഞങ്ങളുടെ അവസ്ഥ എന്നൊക്കെ ഓർത്തു ദൈവത്തോട് പറയേണ്ടിവരുന്ന സന്ദർഭത്തിലും മനസ്സിലാക്കേണ്ടതായ യഥാർത്ഥ്യം ഒരു സൈന്യംപോലെ ഒറ്റക്കെട്ടായി നാം നിന്നാലും സൈന്യത്തിന്റെ നായകൻ കർത്താവ് കൂടെയില്ലെങ്കിൽ പരാജയം ഉറപ്പാണ്. ആകയാൽ ദൈവം കൂടെയില്ലാത്ത ഒരു നിമിഷംപോലും ദൈവമക്കൾക്ക് ചിന്തിക്കാൻ കഴിയുന്നതല്ല.
ഇവിടെ പാട്ടുകാരന്റെ വരികൾ അനുസ്മരണീയമാകുന്നു……
“മാനുവേൽ മനുജസുതാ
നിന്റെ മാനമേറും തൃപ്പാദങ്ങൾ
വണങ്ങി ഞങ്ങൾ
മംഗളമോതിടുന്നിതാ
നിത്യം മഹിമയുണ്ടായിടട്ടെ
നിനക്കു നാഥാ….”
അതെ, നമുക്കല്ല, നമ്മുടെ പേരിനും പ്രശസ്തിക്കും അല്ല.
ദൈവത്തിനും ദൈവനാമത്തിനും നിത്യം(മഹിമയും സ്തുതിയും) പ്രശംസയുണ്ടായിരിക്കട്ടെ.
*തുടരും…..*

Comments are closed.