കൊച്ചി: സീറോ മലബാർ സഭയിൽ തുടരുന്ന കുർബാന തർക്കത്തിന് പിന്നിൽ സഭയ്ക്ക് പുറത്തുള്ള ശക്തികളുടെ രഹസ്യ ഇടപെടൽ ഉണ്ടെന്ന ഗൗരവ ആരോപണവുമായി തൃശൂർ അതിരൂപതാ മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്. ഏറ്റവും സംഘടിതമായി നിലകൊള്ളുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചു തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇടപെടലുകളെന്നും ഇതിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുണ്ടാകാമെന്ന സംശയവും അദ്ദേഹം പങ്കുവച്ചു.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന വെളിപ്പെടുത്തൽ കൂടുതൽ സസ്പൻസിലേക്ക് നയിക്കുന്നു. സഭയിലെ നിസാരമായ അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കാൻ അദൃശ്യ ശക്തികൾ ശ്രമിക്കുന്നുവെന്ന ആരോപണം സഭയ്ക്കുള്ളിലും പുറത്തുമായി ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
കുർബാന തർക്കം തെരുവിലേക്കു വരെ വ്യാപിക്കുന്ന സാഹചര്യത്തിൽ, പുറംശക്തികളുടെ ഇടപെടൽ സംബന്ധിച്ച ആർച്ച് ബിഷപ്പിന്റെ പരാമർശങ്ങൾ സഭയ്ക്കുള്ളിലും രാഷ്ട്രീയ മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. സമുദായബോധം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും, വരും ദിവസങ്ങൾ നിർണായകമാകുമെന്ന സൂചനയും പ്രസ്താവനയിൽ ഉൾക്കൊള്ളുന്നു.

Comments are closed.