മനാമ: ലോകത്തിലെ ഏറ്റവും ഉയർന്ന ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന അഭിമാനകരമായ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബഹ്റൈൻ. മതസൗഹാർദ്ദത്തിനും സഹിഷ്ണുതയ്ക്കും മാതൃകയായ ബഹ്റൈന് ജനുവരി 29-ന് നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഗിന്നസ് അധികൃതർ ഈ ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറിയത്.
ഒരു ചതുരശ്ര കിലോമീറ്ററിൽ കുറഞ്ഞത് 2.300 ആരാധനാലയങ്ങൾ വേണമെന്നതായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡിന്റെ മാനദണ്ഡം. എന്നാൽ ബഹ്റൈനിൽ ഇത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2.577 എന്ന നിലയിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. രാജ്യത്തെ 15 ലക്ഷത്തിലധികം വരുന്ന ജനസംഖ്യയ്ക്കായി നിലവിൽ 2,123 ഔദ്യോഗിക ആരാധനാലയങ്ങളുണ്ട്. ഇതിൽ മസ്ജിദുകൾ, ചർച്ചുകൾ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത വിശ്വാസങ്ങളിൽ വിശ്വസിക്കുന്നവരും തിങ്ങിപ്പാർക്കുന്ന ബഹ്റൈനിൽ എല്ലാവർക്കും തങ്ങളുടെ മതാചാരങ്ങൾ പാലിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടെന്നതിന്റെ ആഗോള അംഗീകാരമാണിത്. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് നടത്തിയ പരിശ്രമങ്ങളാണ് ഈ നേട്ടത്തിലേക്ക് രാജ്യത്തെ എത്തിച്ചത്.

Comments are closed.