ഭുവനേശ്വർ: തനിക്കെതിരെ നടന്ന അത്യന്തം ക്രൂരവും ഹീനവുമായ അതിക്രമങ്ങളോട് ക്രിസ്തീയമായ ക്ഷമയോടെ പ്രതികരിച്ച് പാസ്റ്റർ ബിപിൻ ബിഹാറി നായിക്. തന്നെ മർദ്ദിക്കുകയും പരസ്യമായി അപമാനിക്കുകയും ബലംപ്രയോഗിച്ച് ചാണകം കഴിപ്പിക്കുകയും ചെയ്തവരോട് താൻ പൂർണ്ണമായും ക്ഷമിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ വിശ്വാസത്തിന്റെ ഭാഗമായ ക്ഷമയാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അവർ എന്നോട് ചെയ്തത് വലിയ ക്രൂരതയാണ് പക്ഷേ അവർ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ല. യേശുക്രിസ്തു കാണിച്ചുതന്ന ക്ഷമയുടെ പാതയിലൂടെ നീങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശാരീരികമായ മുറിവുകളെക്കാൾ മനസ്സിനേറ്റ ആഘാതം വലുതാണെങ്കിലും അക്രമികളോട് വൈരാഗ്യം വെച്ചുപുലർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ജനുവരി 4-ന് ഒഡീഷയിലെ പർജാങ് ഗ്രാമത്തിൽ പ്രാർത്ഥനായോഗത്തിനിടെയാണ് നാൽപ്പതോളം വരുന്ന സംഘം പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും കുറ്റവാളികളെ പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല. എന്നാൽ പാസ്റ്റർക്കെതിരെ മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

Comments are closed.