അഹമ്മദാബാദ്: സഹപാഠിയുടെ കുത്തേറ്റ് വിദ്യാർഥി മരിച്ച സംഭവത്തെ തുടർന്ന് ഗുജറാത്ത് സർക്കാർ മണിനഗറിലെ സെവൻത് ഡേ സ്കൂൾ ഏറ്റെടുത്തു. പന്ത്രണ്ടായിരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ വിദ്യാഭ്യാസ അവകാശ നിയമം ഉൾപ്പെടെ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിഇഒയെ അഡ്മിന്‌സ്‌ട്രേറ്ററായി നിയമിച്ചു.
മണിനഗർ ഖോഖ്രയിലുള്ള സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂൾ പരിസരത്ത് ഓഗസ്റ്റിലാണ് പത്താംക്ലാസ് വിദ്യാർഥി നയൻ സന്തനി മറ്റൊരു വിദ്യാർഥിയുട കുത്തേറ്റുമരിച്ചത്. കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികാരികൾക്ക് കഴിഞ്ഞില്ല. ഡിഇഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്കൂളിൽ പല ചട്ടലംഘനങ്ങളും നടന്നതായി കണ്ടെത്തിയിരുന്നു.
പന്ത്രണ്ടായിരത്തോളം വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് സ്കൂൾ ഭരണം ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതെന്നും പുതുതായി വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്നും വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

Comments are closed.