മെൽബൺ: ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്തിരുന്ന തീരുമാനം പിൻവലിച്ച് മെൽബൺ നഗരത്തിൽ വീണ്ടും ക്രിസ്തുവിന്റെ ജനനരംഗം പൊതുസ്ഥലത്ത് അവതരിപ്പിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് തിരുപിറവി രംഗം നഗരത്തിൽ പുനഃസ്ഥാപിച്ചത്.
ഔദ്യോഗിക ക്രിസ്തുമസ് പരിപാടിയിൽ തിരുപിറവി രംഗം അവതരിപ്പിക്കുന്നത് ക്രിസ്ത്യാനികളല്ലാത്തവരെ ഒഴിവാക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി ലോർഡ് മേയർ റോഷെന കാംബെൽ നടത്തിയ ഇടപെടലുകളാണ് മാറ്റത്തിന് വഴിയൊരുക്കിയത്. ഡിസംബർ 7ന് ഫെഡറേഷൻ സ്ക്വയറിൽ അനാച്ഛാദനം നടത്തിയ പുതിയ തിരുപിറവി രംഗത്തിൽ മറിയം, യൗസേപ്പ്, ഉണ്ണിയേശു, മൂന്ന് ജ്ഞാനികൾ, മൃഗങ്ങൾ എന്നിവയുടെ പാരമ്പര്യ രൂപങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെൽബൺ കത്തോലിക്ക ആർച്ച് ബിഷപ്പ് പീറ്റർ കൊമെൻസോളി തീരുമാനത്തെ സ്വാഗതം ചെയ്തു. ഈശോയുടെ ജനനരംഗം പ്രത്യാശ, സന്തോഷം, സമാധാനം എന്നിവയുടെ സന്ദേശമാണെന്നും ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ളതത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പുതുഅലങ്കാരങ്ങളും കരോൾ ഗാനങ്ങളും ഉൾപ്പെട്ട മെൽബണിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പുതുജീവൻ നൽകുന്നതായി നഗരഭരണം അറിയിച്ചു.

Comments are closed.