Ultimate magazine theme for WordPress.

അമേരിക്കൻ മലയാളികൾക്ക് അഭിമാനം: റോബിൻ ഇലക്കാട്ട് മിസോറി സിറ്റി മേയർ

മിസൗറി: അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഒരു മലയാളിക്ക് അഭിമാനകരമായ നേട്ടം. ടെക്സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും (ഹാട്രിക്) തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 4ന് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ഈ ചരിത്ര വിജയം നേടിയത്.

എതിർ സ്ഥാനാർത്ഥിയായ ജെഫറി ബോണിയെ പരാജയപ്പെടുത്തിയാണ് ഇലക്കാട്ട് വീണ്ടും വിജയിച്ചത്. ഇലക്കാട്ടിന് 55% വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിക്ക് 45% വോട്ടുകളാണ് നേടാനായത്. റോബിൻ ഇലക്കാട്ടിന്റെ ഈ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ഏഷ്യൻ വംശജരുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെയും വർധിച്ചുവരുന്ന സ്വാധീനം വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഒരു ഫോൺ കോളിനപ്പുറം ജനങ്ങളുമായി അടുത്ത് ഇടപെഴകുന്ന ഒരു മേയർ മിസോറി സിറ്റിയിൽ ഉണ്ടായിരുന്നില്ല. എന്നാൽ കേരളീയ ശൈലിയിൽ ജനങ്ങളോട് നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്യുന്ന റോബിൻ ഇലക്കാട്ട് ജനകീയനായ ഒരു നേതാവായി മാറി. കഴിഞ്ഞ രണ്ട് ടേമുകളിൽ അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമകരമായ നിരവധി പദ്ധതികൾ ഈ വിജയത്തിൽ നിർണായകമായി. പൊതുജന സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനൊപ്പം പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുകയും മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവുകൾ നൽകുകയും ചെയ്തത് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു. അമിത നികുതിഭാരം അടിച്ചേൽപ്പിക്കാതെ സുസ്ഥിരമായ ഭരണ സംവിധാനം നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കോട്ടയം ജില്ലയിലെ കുറുമാല്ലൂർ ഗ്രാമത്തിൽ ജനിച്ച റോബിൻ ഇലക്കാട്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 2009-ൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, സിറ്റി കൗൺസിലിൽ എത്തുന്ന ആദ്യ ഏഷ്യൻ വംശജനായിരുന്നു. മൂന്ന് തവണ സിറ്റി കൗൺസിൽ അംഗമായും ഒരു തവണ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം മേയർ പദവിയിലേക്ക് എത്തുന്നത്. ഭാര്യ ടീന ഫിസിഷ്യൻ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ലിയ, കെയ്റ്റിലിൻ എന്നിവരാണ് മക്കൾ.
ഒരു യുണൈറ്റഡ് സിറ്റിയായി മിസോറി സിറ്റിയെ ഉയർത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനുള്ള അംഗീകാരം കൂടിയാണ് മൂന്നാം തവണയും എനിക്ക് വിജയിക്കാനായത്. തുടർന്നും മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവും നല്ല നഗരമാക്കി വളർത്തിയെടുക്കാൻ ഞാൻ പ്രവർത്തിക്കും എന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു.

 

Sharjah city AG

Comments are closed.