റിച്ച്മണ്ട് : നവംബർ 4ന് നടന്ന വിർജീനിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം രചിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ അബിഗെയ്ൽ സ്പാൻബെർഗറും ഗസാല ഹാഷ്മിയും നേടിയ ചരിത്രവിജയം സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിൽ വർധിച്ചുവരുന്ന വൈവിധ്യത്തെയും വനിതാ പ്രാതിനിധ്യത്തെയും അടിവരയിടുന്നതായി.
മുൻ സിഐഎ കേസ് ഓഫീസറും കോൺഗ്രസ് അംഗവുമായിരുന്ന അബിഗെയ്ൽ സ്പാൻബെർഗർ വിർജീനിയയുടെ 75-ാമത് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ 400 വർഷത്തെ ചരിത്രത്തിൽ ഗവർണർ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സ്പാൻബെർഗർ. റിപ്പബ്ലിക്കൻ ലെഫ്റ്റനന്റ് ഗവർണർ വിൻസം ഏൾ-സിയേഴ്സിനെ പരാജയപ്പെടുത്തിയാണ് സ്പാൻബെർഗർ ഡെമോക്രാറ്റുകൾക്കായി ഗവർണർ പദവി തിരിച്ചുപിടിച്ചത്.
സാമ്പത്തിക സുസ്ഥിരത, വിദ്യാഭ്യാസ ഫണ്ടിംഗ്, ആരോഗ്യ സംരക്ഷണം, പ്രത്യേകിച്ച് ഗർഭച്ഛിദ്ര അവകാശങ്ങൾ സംരക്ഷിക്കുമെന്ന വാഗ്ദാനം എന്നിവയിലൂന്നിയുള്ള സ്പാൻബെർഗറുടെ പ്രായോഗിക സമീപനമാണ് വിജയത്തിലേക്ക് നയിച്ചത്. വിർജീനിയ പ്രായോഗികതയെ തിരഞ്ഞെടുത്തു. കക്ഷിരാഷ്ട്രീയത്തെ അല്ല… ഈ വാക്കുകൾ വിർജീനിയയിൽ ഇതിനുമുമ്പ് ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല: നിങ്ങളുടെ അമ്മ വിർജീനിയയുടെ ഗവർണറാകാൻ പോകുകയാണ്, തന്റെ മൂന്ന് പെൺമക്കളോട് ഭർത്താവ് പറഞ്ഞ വാക്കുകൾ ഉദ്ധരിച്ച് അവർ പറഞ്ഞു. ഇന്ത്യൻ വംശജയായ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഗസാല ഹാഷ്മി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് മറ്റൊരു ചരിത്രം കുറിച്ചു.
വിർജീനിയയിൽ സംസ്ഥാനതല ഓഫീസ് നേടുന്ന ആദ്യ മുസ്ലീം വനിതയും ആദ്യ ഇന്ത്യൻ-സൗത്ത് ഏഷ്യൻ വംശജയും ആണ് ഗസാല ഹാഷ്മി. ഇന്ത്യയിലെ ഹൈദരാബാദിൽ ജനിച്ച ഗസാല ഹാഷ്മി, നാലാം വയസ്സിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 2019-ൽ വിർജീനിയൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വനിതയും അവരായിരുന്നു. 30 വർഷത്തോളം പ്രൊഫസറായി സേവനമനുഷ്ഠിച്ച ശേഷമാണ് അവർ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ ഉറപ്പാക്കുക, ഗർഭച്ഛിദ്ര അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് അവരുടെ പ്രധാന ഭരണപരിപാടികൾ.

Comments are closed.