യേശുവിനെ ജൂതന്മാർ ക്രൂശിച്ചതിൽ അമ്മച്ചിക്ക് വേദനയുള്ളതു പോലെ എനിക്കു തോന്നി; ജോർജ് മാത്യു പുതുപ്പള്ളി
റവ. ജോർജ് മാത്യു പുതുപ്പള്ളി ഒരിക്കൽ എങ്കിലും എഴുതിയിട്ടില്ലാത്ത പത്രങ്ങൾ മലയാളത്തിൽ ചുരുക്കമായിരിക്കും. ജീവിത യാത്രയിൽ അദ്ദേഹം കണ്ടുമുട്ടിയ ചില വ്യക്തികളെ കുറിച്ചുള്ള ഒരു പ്രത്യേക പംക്തി ഇന്നു മുതൽ ചൊവ്വാഴ്ചകളിൽ ക്രിസ്ത്യൻ ലൈവിൽ ആരംഭിക്കുന്നു
കൊച്ചിയെ ഉപേക്ഷിക്കാൻ തയാറാകാഞ്ഞ സാറാ ജേക്കബ് കോഹൻ
ജോർജ് മാത്യു പുതുപ്പള്ളി
യേശുവിനെ ജൂതന്മാർ ക്രൂശിച്ചതിൽ അമ്മച്ചിക്ക് വേദനയുള്ളതു പോലെ എനിക്കു തോന്നി
പത്താമത്തെ വയസിലാണ് ഞാൻ സാറാ അമ്മച്ചിയെ ആദ്യമായി കാണുന്നത്. ഇസ്രയേൽ വംശജയായ സാറാ ജേക്കബ് കോഹൻ ഞാൻ കണ്ട യഹൂദ അമ്മച്ചിമാരിൽ വച്ച് ഏറ്റവും വലിയ സുന്ദരിയായിരുന്നു.
പുതുപ്പള്ളി ഉമ്മൻ ചാണ്ടി സാറിന്റെ സ്കൂളിൽ അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഞാനും വിനോദയാത്രക്ക് ആദ്യമായി കൊച്ചി കാണാൻ പോയി. മട്ടാഞ്ചേരിയിലെ യഹൂദ സിനഗോഗിൽ എത്തിയപ്പോഴാണ് ആദ്യമായി സാറാ അമ്മച്ചിയെ കാണുന്നത്.
അന്ന് അമ്മച്ചിയുമായി ഒന്നും സംസാരിക്കുവാൻ എനിക്കു കഴിഞ്ഞില്ല. കൗതുകത്തോടെ ഒരു യഹൂദ സ്ത്രീയെ വീക്ഷിച്ചു. ഞാൻ കണ്ടിട്ടുള്ള ജൂതസ്ത്രീകളിൽ വച്ച് ഏറ്റവും വലിയ സുന്ദരി സൂര്യശോഭയെ വെല്ലുന്ന മുഖകാന്തിയുള്ള സാറാ കോഹൻ അമ്മച്ചിയായിരുന്നു.
ജേക്കബ് കോഹൻ എന്ന യഹൂദനായിരുന്നു അമ്മച്ചിയുടെ ഭർത്താവ്. അദ്ദേഹം അറിയപ്പെടുന്ന ഒരു ബിസിനസുകാരനായിരുന്നു. ഇസ്രയേലിൽ നിന്നു കൊച്ചിയിൽ കുടിയേറിയ യഹൂദ കുടുംബങ്ങളിൽ ഒന്നായിരുന്നു കോഹൻ കുടുംബം.
പിന്നീട് ഞാൻ വൈദികനായിരുന്ന സമയത്ത് എറണാകുളം പള്ളിയിൽ കുർബാന ചൊല്ലുവാൻ പോകുമ്പോളൊക്കെ ഞാൻ മട്ടാഞ്ചേരി സിനഗോഗ് കാണാൻ പോകുമായിരുന്നു. യഹൂദന്മാരുടെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ആരാധനാരീതികളെക്കുറിച്ചും കൂടുതൽ അറിയുകയായിരുന്നു എന്റെ ലക്ഷ്യം.
അപ്പോഴൊക്കെ അമ്മച്ചിയുടെ വീട്ടിൽ കയറി അമ്മച്ചിയുമായി ഞാൻ സംസാരിച്ചിരുന്നു. യേശുകർത്താവ് സംസാരിച്ച അരമായ ഭാഷയും ഇംഗ്ലീഷും മലയാളവും കൂടിക്കലർന്ന പ്രത്യേക സങ്കരഭാഷയിലുള്ള അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഏറെ രസമായിരുന്നു.
അമ്മച്ചിയും എന്നോട് ഏറെ വാത്സല്യത്തോടെയാണ് ഇടപെട്ടിരുന്നത്. സെക്കുലർ പത്രപ്രവർത്തനം തലയ്ക്കു പിടിച്ചിരുന്ന ആ സമയത്ത് ‘മാതൃഭൂമി’ പത്രത്തിൽ അമ്മച്ചിയെ ഇന്റർവ്യൂ ചെയ്യാൻ പോയപ്പോഴാണ് പിന്നെയും അവരുമായി കൂടുതൽ അടുക്കുവാൻ എനിക്ക് അവസരമുണ്ടായത്.
ലോകരക്ഷകനും മഹാദൈവവുമായ യേശുകർത്താവ് യഹൂദനായിരുന്നതിനാൽ ഞാൻ പോലുമറിയാത്ത ഒരിഷ്ടവും മാനസിക ഐക്യവും എനിക്കും യഹൂദരോട് ഉണ്ടായിരുന്നു.
ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ ഉൾപ്പെടെ ഫേസ്ബുക്ക് കണ്ടുപിടിച്ച സുക്കർബർഗ് വരെയുള്ള ബുദ്ധിരാക്ഷസന്മാർ ജൂതരായിരുന്നല്ലോ. ലോകത്തിൽ ഇത്രയേറെ ത്യാഗം സഹിച്ച വേറൊരു ജനത ഇല്ലെന്നു തന്നെ പറയാം.
ഒരു ദിവസം അമേരിക്കയിൽ ന്യൂയോർക്കിലെ ജ്യൂ സ്ട്രീറ്റിലൂടെ (Jew Street) കാഴ്ചകൾ കണ്ട് ഞാനും സാലിയും നടന്നു പോകുമ്പോൾ നിരവധി യഹൂദരെ കാണുവാനും പരിചയപ്പെടുവാനും എനിക്ക് ഇടയായി.
അവരിൽ ചിലരോടൊക്കെ യിസ്രയേലിൽ നിന്നും പ്രവാസജീവിതം നയിക്കാൻ കേരളത്തിൽ എത്തിയ കോഹൻ അപ്പച്ചനെക്കുറിച്ചും സാറാ അമ്മച്ചിയെക്കുറിച്ചും ഞാൻ സൂചിപ്പിച്ചപ്പോൾ അവർക്കും അത്ഭുതം.
അവസാനം വരെ കൊച്ചിയെ സ്നേഹിച്ച കുടുംബമായിരുന്നു സാറാ അമ്മച്ചിയുടേത്. തൊണ്ണൂറ്റിയഞ്ചാം വയസിൽ മരിക്കുന്നതു വരെ അമ്മച്ചി കൊച്ചിയെ സ്നേഹിച്ചു. പല കുടുംബങ്ങളും യിസ്രയേലേക്ക് മടങ്ങിപ്പോയിട്ടും കൊച്ചിയെ ഉപേക്ഷിക്കാൻ അമ്മച്ചി തയാറായില്ല. അമ്മച്ചി മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല.
വൈദികനായിരുന്നപ്പോൾ ഞാൻ അമ്മച്ചിയോട് സുവിശേഷം പറഞ്ഞിരുന്നില്ല. യഹൂദന്മാരെക്കുറിച്ച് എനിക്ക് അജ്ഞാതമായിരുന്ന കാര്യങ്ങൾ അവരിൽനിന്നും അറിയുവാനാണ് പത്രപ്രവർത്തകനെന്ന നിലയിൽ ഓരോ സന്ദർശനങ്ങളെയും ഞാൻ ഉപയോഗിച്ചത്. സുവിശേഷകനായ ശേഷവും ഞാനും മക്കളും സാലിയും അമ്മച്ചിയെ സന്ദർശിക്കുമായിരുന്നു.
അമ്മച്ചി കുട്ടികൾക്കുള്ള മനോഹരമായ വസ്ത്രങ്ങൾ തയ്ച്ച് വില്പനക്കു വച്ചിരുന്നു. അന്ന് കുട്ടികളായിരുന്ന എന്റെ മക്കൾക്കുവേണ്ടി ഞാൻ അവിടെ നിന്നും വസ്ത്രങ്ങൾ വാങ്ങിയിരുന്നു. ഒടുവിൽ ഒരു കുടുംബസുഹൃത്തിന്റെ ഭവനംപോലെ കോഹൻകുടുംബവുമായി ഞങ്ങൾക്കും അടുപ്പം ഉണ്ടായി.
യഹൂദ സ്ത്രീയായ സാറാ അമ്മച്ചിയോട് മഹാദൈവമായ യേശുവിനെക്കുറിച്ച് പറയാനുള്ള ശക്തമായ ഒരു ആത്മപ്രേരണ എനിക്കുണ്ടായി. നിർബന്ധം എന്റെ മേൽ കിടക്കുന്നതായി എനിക്കു തോന്നി.
ഒരു ദിവസം ഞാനും സാലിയും സുവിശേഷം പറയുവാൻ അമ്മച്ചിയുടെ വീട്ടിൽ ചെന്നു. മട്ടാഞ്ചേരിയിലുള്ള യഹൂദ കുടുംബങ്ങൾ ഇസ്രയേലിലേക്കു മടങ്ങിപ്പോയ സമയമായിരുന്നു അത്.
ഞാൻ അമ്മച്ചിയോട് യേശുക്രിസ്തുവിന്റെ സുവിശേഷം ലളിതമായ ഭാഷയിൽ പറഞ്ഞു. യേശുക്രിസ്തുവിലൂടെയുള്ള നിത്യരക്ഷയുടെ അനിവാര്യതയെക്കുറിച്ച് വ്യക്തമായി പ്രസ്താവിച്ചു.
ദൈവത്തിന്റെ വചനമായ വിശുദ്ധ ബൈബിളിന്റെ പ്രത്യേകതകൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. അമ്മച്ചി ഞങ്ങൾ പറഞ്ഞത് മുഴുവൻ ശ്രദ്ധയോടെ കേട്ടു.
യേശുവിനെക്കുറിച്ചും വിശുദ്ധ ബൈബിളിനെക്കുറിച്ചും തനിക്കു കൂടുതലായി ഒന്നും അറിഞ്ഞു കൂടെന്ന് സാറാ കോഹൻ അമ്മച്ചി വിനയപൂർവം സമ്മതിച്ചു. യേശുവിനെ ജൂതന്മാർ ക്രൂശിച്ചതിൽ അമ്മച്ചിക്ക് വേദനയുള്ളതു പോലെ എനിക്കു തോന്നി.
യേശുകർത്താവ് മരിച്ച് ഉയിർത്ത് സ്വർഗാരോഹണം ചെയ്ത് സ്വർഗത്തിലേക്കു പോയത് അമ്മച്ചിയെക്കൂടി സ്വർഗത്തിൽ കൊണ്ടുപോകാനാണെന്ന് ഞാൻ അറിയിച്ചു.
അത് പൂർണ്ണമായി മനസിലാക്കാനും അംഗീകരിക്കുവാനും അവരുടെ വാർദ്ധക്യകാലത്തെ മാനസികാവസ്ഥ അവരെ സഹായിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. ഇനി അവിടെ . പോകുമ്പോൾ അമ്മച്ചിയെ കാണാൻ കഴിയില്ലല്ലോ എന്ന നേരിയ ദുഃഖം എനിക്കുണ്ട്.
എങ്കിലും ഒരു ജൂതവനിതയോട് മഹാദൈവവും ലോകരക്ഷകനുമായ എന്റെ യേശുകർത്താവിനെക്കുറിച്ചു പറയുവാൻ കഴിഞ്ഞതിൽ ഒരു എളിയ സുവിശേഷകനായ എനിക്ക് ഏറെ ആഹ്ലാദവും അതിലേറെ അഭിമാനവുമുണ്ട്.

Comments are closed.