Ultimate magazine theme for WordPress.

സങ്കീർത്തനം 119 : ദൈവവചനത്തിനായുള്ള എത്രയും മതിവരാത്ത വിശപ്പ്

വായിക്കുവാനും ധ്യാനിക്കുവാനും മന: പാഠമാക്കുവാനും 176 കാരണങ്ങൾ

പാസ്റ്റർ റോയി ഇ ജോയി

 

“നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ട് എന്റെ മനസ്സ് തകർന്നിരിക്കുന്നു” (സങ്കീർത്തനം 119.20).

മത്സരിച്ചു ഭക്ഷിച്ച് ഒന്നാം സമ്മാനം നേടി ‘ലിംകാ ബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിൽ’ ഇടം പിടിച്ച ‘തീറ്റ റപ്പായി’യെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ട്. ഒരിക്കലും മതിവരാത്ത ഒരു വിശപ്പ് അവനെ ബാധിച്ചിരുന്നു (അത് ഒരു രോഗമായിരുന്നു). അവൻ അങ്ങേയറ്റം വിശപ്പെന്ന ആർത്തിയാൽ ബാധിക്കപ്പെട്ട്, നിയന്ത്രിക്കപ്പെട്ട് നയിക്കപ്പെട്ടിരുന്നു.

എപ്പോഴും എവിടെയായാലും അവനു വേണ്ടിയിരുന്നത് ഭക്ഷണം മാത്രമായിരുന്നു, അത്രയ്ക്കു വിശപ്പ്. വിശപ്പ് മൂത്ത് റപ്പായി വിവാഹം വേണ്ടെന്നു വച്ചു. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി പെടാപാടുപെടുന്ന താൻ ഭാര്യക്കും മക്കൾക്കും കൂടെ എവിടെനിന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തുമെന്നായിരുന്നു അവന്റെ ഭയം!

കർത്താവ് സങ്കീർത്തനക്കാരൻ്റെ കണ്ണുകൾ തുറന്നപ്പോൾ ദൈവവചനം പഠിക്കുവാനുള്ള ആർത്തിയാൽ അഥവാ വാഞ്ഛയാൽ അവൻ ബാധിക്കപ്പെട്ടു. ഈ വാക്യം സങ്കീർത്തനക്കാരൻ്റെ സാക്ഷ്യംപോലെ തോന്നുന്നു. ഏതു കാലഘട്ടമായാലും അവൻ ദൈവവചനം മാത്രം ആഗ്രഹിച്ചു. ഈ സങ്കീർത്തനം എഴുതിയത് ദാവീദ് ആണെങ്കിൽ അവൻ എഴുതിയ മറ്റു സങ്കീർത്തനങ്ങൾ അവന് ദൈവത്തോടും ദൈവവചനത്തോടുമുള്ള പ്രത്യേകതാല്പര്യം എടുത്തുകാണിക്കുന്നു.

ഇതേപോലെ ദൈവവചനത്തിനായി ഒരിക്കലും മതിവരാത്ത ഒരാഗ്രഹം നമുക്കും ഉണ്ടാകണം.
തിരുവചനത്തിനായുള്ള നിങ്ങളുടെ അഭിലാഷം പൂർത്തിയാക്കാനാകുന്നത് അത് വായിക്കുന്നതിലൂടെയും ധ്യാനിക്കുന്നതിലൂടെയും മനഃപാഠമാക്കുന്നതിലൂടെയുമാണ്.

ദൈവവചനത്തിനായുള്ള വിശപ്പും ദാഹവും നമ്മിലുണ്ടെങ്കിൽ കർത്താവിനു മാത്രമേ നമ്മുടെ ആർത്തിക്കും വിശപ്പിനും ദാഹത്തിനും തൃപ്തിയും നന്മയും തരുവാനാകയുള്ളൂ എന്ന് ബൈബിൾ വ്യക്തമാക്കുന്നു (സങ്കീ. 107.9). ബൈബിൾ നീ പതിവായി വായിച്ചില്ലെങ്കിൽ നിന്റെ ആത്മാവിൽ സംതൃപ്തി നേടുകയില്ല. മറിയയെപോലെ കർത്താവിന്റെ വചനം ശ്രവിക്കുവാൻ ഒരു വിശപ്പ് നമ്മിലുണ്ടാകട്ടെ (ലൂക്കൊസ് 10.39).

സങ്കീർത്തനക്കാരൻ്റെ അദമ്യമായ ആഗ്രഹം 40,81,131,174 എന്നീ വാക്യങ്ങളിൽ കാണുന്നു. തിരുവചന ‘ദാഹ’ത്തെക്കുറിച്ചും (സങ്കീ. 42.2) ‘അന്വേഷിക്കു’ന്നതിനെക്കുറിച്ചും (സങ്കീ. 63.1) ‘കുടിക്കു’ന്നതിനെക്കുറിച്ചും (1 പത്രൊസ് 2.2) ബൈബിളിൽനിന്ന് പഠിക്കുക. വചനത്തിനായുള്ള വിശപ്പും ദാഹവും ഉണ്ടാകട്ടെ, എത്രയും അനുഗ്രഹപ്രദമാണത് (മത്തായി 5.6). നല്ല ക്രിസ്തീയ പുസ്തകങ്ങൾ വാങ്ങി വായിക്കുക, ദൈവവചനത്തിൽ വളരാൻ അതിന്റെ വലിയ സഹായമുണ്ടാകും.

ഒരു യുവവിശ്വാസി തനിച്ച് ഒരു മുറിയിൽ ഇരുന്ന് ബൈബിൾ വായിക്കുന്നു. ആ ബൈബിൾ ദിവ്യപ്രകാശത്തോടെ തിളങ്ങുന്നു. വായിക്കുന്നവന്റെ മുഖത്ത് ആഴമുള്ള ആത്മസന്തോഷം പ്രകടമാണ്. ഒപ്പം ക്രിസ്തീയ പുസ്തകങ്ങൾ നിറഞ്ഞ ഒരു ചെറിയ ഷെൽഫും കാണുന്നു. ദൃശ്യത്തിൽ മുഴുവനും ആത്മീയതയും ദൈവവചനത്തിലേക്കുള്ള ആഴത്തിലുള്ള ആഗ്രഹവും പ്രകടമാണ്. സ്തോത്രം!

Sharjah city AG

Comments are closed.