പി. റ്റി. കോശിയച്ചൻ
ജോലി അന്വേഷിച്ചു നടന്ന ഒരു യുവാവ് ഒരിക്കൽ ഒരു കൃഷിക്കാരന്റെ അടുത്ത് എത്തി. കൃഷിക്കാരൻ യുവാവിനോട് ചോദിച്ചു: നിനക്ക് എന്ത് യോഗ്യതകളാണുള്ളത്?
യുവാവ് പറഞ്ഞു: “കൊടുങ്കാറ്റ് ഉള്ളപ്പോഴും ഞാൻ സുഖമായി ഉറങ്ങും.”
കൃഷിക്കാരന് അതിന്റെ അർത്ഥം ശരിയായി മനസ്സിലായില്ല. എങ്കിലും തന്റെ മൃഗങ്ങളുടെ എല്ലാറ്റിന്റെയും മേൽനോട്ടം ആ യുവാവിനെ ഏൽപ്പിച്ചു. അവൻ എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട് എന്ന് തോന്നി.
ഒരു രാത്രിയിൽ വലിയ കൊടുങ്കാറ്റ് അടിച്ചു. കർഷകനും ഭാര്യയും എന്തെല്ലാം നാശ നഷ്ടം ഉണ്ടായി എന്നറിവാൻ പരിശോധന തുടങ്ങി. അപ്പോൾ ആ യുവാവ് സ്വൈര്യമായി ഒരിടത്ത് കിടന്ന് ഉറങ്ങുന്നത് കണ്ടു. അവർ മൃഗങ്ങളെ നോക്കി, അവയെ യെല്ലാം ഭദ്രമായി തൊഴുത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ട്രാക്ടർ തുടങ്ങിയ സാമഗ്രികൾ എല്ലാ യഥാസ്ഥാനത്ത് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അവർ നടത്തിയ പരിശോധനയിൽ ഒരു കുഴപ്പവും കണ്ടെത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് യുവാവിന്റെ ‘കൊടുങ്കാറ്റിലും ഞാൻ സുഖമായി ഉറങ്ങും’ എന്ന വാക്കുകൾ അവർക്ക് മനസ്സിലായത്.
മുൻകാലങ്ങളിൽ പെണ്ണുകാണാൻ പോകുമ്പോൾ, പെണ്ണിനെ കുറിച്ചുള്ള സങ്കല്പം “കിടന്നാൽ പിന്നെ എഴുന്നേൽ ക്കാത്ത പെണ്ണായിരിക്കണം.” എന്നായിരുന്നു. ‘കിടന്നാൽ പിന്നെ എഴുന്നേൽക്കാത്ത പെണ്ണോ?’ ഇതിന്റെ അർത്ഥം, പലർക്കും പെട്ടെന്ന് മനസ്സിലാവില്ല. എന്നാൽ അതിന്റെ അർത്ഥം, വിവാഹിതയായി വീട്ടിലെത്തുന്ന പെണ്ണ്, രാത്രി എല്ലാം ക്രമീകരിച്ചിട്ടായിരിക്കണം കിടക്കുവാൻ പോകുന്നത്. കിടന്നു കഴിഞ്ഞിട്ട്, അയ്യോ ഞാൻ കതകടച്ചോ? മീൻ കറിയെടുത്ത് ഉറിയിൽ വച്ചോ? എന്നൊക്കെ ചിന്തിച്ച് എഴുന്നേറ്റു വരാൻ ഇടയാകരുത്. എല്ലാം ക്രമീകരി ച്ചിട്ടായിരിക്കണം കിടക്കുന്നത്.
ഇന്ന്, സ്ത്രീകളെക്കുറിച്ച് ഇങ്ങനെ ആരും കരുതാറില്ലായിരിക്കും. എങ്കിലും, ചെയ്യേണ്ട കാര്യങ്ങൾ എല്ലാം യഥാസമയം കൃത്യമായി ചെയ്യുവാൻ കഴിയുന്നത് ഏവരുടെയും സ്വൈര്യ ജീവിതത്തിന് അനിവാര്യമാണ്. അങ്ങനെ ചെയ്യുന്നവർക്ക് കൊടുങ്കാറ്റിലും സുഖമായി ഉറങ്ങുവാൻ കഴിയും.

Comments are closed.