ഐ പി സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് പി തോമസ് നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ എം വി വർഗീസ് അപ്പച്ചനെ അനുസ്മരിക്കുന്നു
ഒരു പെന്തകൊസ്തു പാസ്റ്റർ എന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുവാൻ കഴിഞ്ഞിരുന്ന പാസ്റ്റർ എം വി വർഗീസ് ഐ പി സി ക്ക് മാത്രമല്ല പെന്തക്കോസ്ത് സമൂഹത്തിനാകെ അഭിമാനമായിരുന്നു. ദ്രവ്യാഗ്രഹത്തിന്റെ കറ പുരളാത്ത, പെന്തക്കോസ്തു മാർഗത്തിന് കളങ്കം വരുത്താത്ത, ഉപദേശത്തിൽ വെള്ളം ചേർക്കാത്ത പാസ്റ്റർ. എം വി വർഗീസ് ഒരു മാതൃകാ സുവിശേഷ ശുശ്രൂഷകൻ ആയിരുന്നു.
എന്റെ ബാല്യം മുതൽ അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവിനെയും ഓർക്കുന്നു. ഞങ്ങൾ സമീപ ദേശവാസികൾ ആയിരുന്നു. കരുവാറ്റയിൽ സഭ കൂടിവരവ് ആരംഭിക്കുന്നതിനു മുൻപ് ഞങ്ങൾ വീയപുരത്തും കാർത്തികപ്പള്ളിയിലും സഭായോഗത്തിന് പങ്കെടുത്തിട്ടുള്ളത് ഓർക്കുന്നു.അങ്ങനെ കുടുംബപരമായി ദീർഘകാലത്തെ ആത്മിയബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. 1964 ൽ എന്റെ പിതാവ് കേരളത്തിൽ സ്ഥിര താമസം ആക്കിയത് മുതൽ ബന്ധം കൂടുതൽ ദൃഢമായി.
പാസ്റ്റർ എം വി വര്ഗീസ് ഞങ്ങളുടെ സെന്റർ പാസ്റ്ററും ബേത്‌ലഹേം ബൈബിൾ കോളേജിൽ അധ്യാപകനും ആയിരുന്നു. അദ്ദേഹത്തോടോപ്പം ദിർഘ വർഷങ്ങൾ സഭയുടെ സ്റ്റേറ്റ് / ജനറൽ കൗൺസിലുകളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നർമത്തിൽ പൊതിഞ്ഞ പ്രസംഗങ്ങളും ക്ലാസ്സുകളും ഏവർക്കും പ്രിയമായിരുന്നു.
എപ്പോഴും ഭംഗിയായി വസ്ത്രധാരണം ചെയ്യുന്നതിൽ ശ്ര ദ്ധേയനായിരുന്നു. കുമ്പനാട്ടു നിന്നും വീട്ടിലേക്കുളള ഞങ്ങളുടെ ഒരുമിച്ചു പലപ്പോഴും യാത്രയിൽ പഴയ അനുഭവങ്ങൾ പങ്കുവക്കാറുണ്ടായിരുന്നു. സഭയിലുണ്ടായിട്ടുള്ള പ്രശ്നങ്ങളും അദ്ദേഹം വിസ്തരിച്ചിട്ടുള്ള കേസുകളും ഒക്കെ പറയുമായിരുന്നു.
ഐ പി സിയുടെ ആദ്യ വിദേശമിഷനറിയായി സിങ്കപ്പൂരിലേക്ക് അയച്ചത് പാസ്റ്റർ എം വി വർഗീസിനെ ആയിരുന്നു. 10 വർഷത്തെ വിജയകരമായ ശുശ്രുഷക്ക് ശേഷം സഭാനേതൃത്വത്തിൻറെ നിർദ്ദേശപ്രകാരം അദ്ദേഹം മടങ്ങിപോന്നു. അവിടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചില്ലായെന്നത് അനുകരണീയ മാതൃകയാണ്. മരണം വരെ സെന്റർ പാസ്റ്ററായി തുടരാതെ, മറ്റൊരാളെ ചുമതല ഏല്പിച്ചതും മാതൃകാപരം ആണ്.
അദ്ദേഹത്തിന്റെ മകൻ എം വി ഫിലിപ്പുമായി (സണ്ണി) നല്ല സ്നേഹ ബന്ധം പുലർത്തുവാൻ കഴിയുന്നു. അപ്പച്ചന്റെ ആരോഗ്യത്തിന്റെ രഹസ്യം വീയാപുരം ആറ്റിലെ വാളയുടെ തലയാണെന്നു മകൻ പലപ്പോഴും തമാശ ആയിട്ടെങ്കിലും പറയാറുണ്ട് .
പാസ്റ്റർ എം വി വർഗീസിന്റെ വിവിധ കാർമ്മിക ശുശ്രൂഷകൾ ഏറെ വ്യത്യസ്തവും ആരെയും ആകർഷിക്കുന്നതുമായിരുന്നു . ഭാഷാശുദ്ധിയും വാക്കുകളിലെ ദൃഢതയും ഗാംഭീര്യവുമൊക്കെ വേറിട്ടതായിരുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്റെ സഹോദരിയുടെ വിവാഹ ശിശ്രൂഷ നടത്തിയത് അദ്ദേഹമായിരുന്നു. പെന്തക്കോസ്തിലെ മൂല്യച്ചൂതികളെയും നവപ്രവണതകളേയും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു.
പാസ്റ്റർ കെ ഈ എബ്രഹാം കുടുംബത്തോട് അദ്ദേഹത്തിന് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. അനോരോഗ്യത്തിലും, കുമ്പനാട് നൂറാം കൺവെൻഷനിൽ പങ്കെടുത്ത് ലഘു പ്രസംഗം നടത്താൻ സാധിച്ചതു സന്തോഷവും അഭിമാനവുമാണ്.
ഐ പി സി ജനറൽ എക്സിക്യൂട്ടീവ്സ് അദ്ദേഹത്തെയും സേവനങ്ങളെയും നന്ദിയോടെ ഓർക്കുന്നു.
അദ്ദേഹത്തെ ഏറ്റവും നന്നായി പരിചരിച്ച മകൻ എം വി ഫിലിപിനെയും കുടുംബത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു.
കുടുംബാംഗങ്ങളുടെ
ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു.
പേർ വിളിക്കും നേരം വീണ്ടും കാണാമെന്ന പ്രത്യാശയോടെ വിട !
