Ultimate magazine theme for WordPress.

സിൽവർ ജൂബിലി നിറവിൽ എ . ജി. മലബാർ ഡിസ്ട്രിക്ട് കൗൺസിൽ

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ രൂപീകൃതമായിട്ട് ഇരുപത്തിയഞ്ചു വർഷം. 1997 വരെ മലബാറിലെ എ . ജി. സഭകൾ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ വടക്കൻ ഭാഗത്തെ ഉൾപ്പെടുത്തി പുതിയ ഒരു ഡിസ്ട്രിക്ട് രൂപീകരിക്കുകയെന്നത് ഇവിടെയുള്ള വിശ്വാസികളുടെ ആഗ്രഹമായിരുന്നു. 1997 ഒക്ടോബർ 3 ന് കോഴിക്കോട്‌ മലബാർ ക്രിസ്ത്യൻ കോളേജ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ ഏ. ജി. വിദേശമിഷൻസ് സതേൺ ഏഷ്യാ ഡയറക്ടർ റവ. ഡേവിഡ് ഗ്രാന്റ് ആയിരുന്നു ഡിസ്ട്രിക്ട് പ്രഖ്യാപനം നടത്തിയത്. സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിലിംഗിൽ ഉൾപ്പെട്ട മലബാർ ഡിസ്ട്രിക്ടിന്റെ വളർച്ചയ്ക്കും ഭരണ സംവിധാനത്തിനുമായി പസ്റ്റർ വി. റ്റി. എബ്രഹാം സൂപ്രണ്ടായുള്ള അഞ്ചംഗ പ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

പുതിയ ഡിസ്ട്രിക്ടായി രൂപം കൊള്ളുമ്പോൾ അസംബ്ലീസ് ഓഫ് ഗോഡിന് ഏകദേശം അറുപത് സഭകളാണ് മലബാറിൽ ഉണ്ടായിരുന്നത്. പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ആറു റവന്യൂ ജില്ലകൾ ഉൾപ്പെട്ടതാണ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിൽ. രണ്ടരപതിറ്റാണ്ടുകൊണ്ട് അനേക സുവിശേഷ പ്രവർത്തകരെ പരിശീലിപ്പിച്ച് മലബാറിലെ മിഷൻ ഫീൽഡുകളിലേയ്ക്കയച്ചു. അവിടെയൊക്കെ അനേക ദൈവസഭകൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ മുഖ്യമായും കുടിയേറ്റ ക്രൈസ്തവരെ കേന്ദ്രീകരിച്ച് സഭാപ്രവർത്തനങ്ങൾ നടന്നുവന്ന സ്ഥിതിക്ക് വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മലബാർ ഡിട്രിക്ടിന് 280ൽ കൂടുതൽ സഭാപ്രവർത്തനങ്ങളുണ്ട്. ഡിസ്ട്രിക്ട് ഓഫീസ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്നു. പുതികാസംഘടനകളായ സണ്ഡേസ്കൂൾ, ക്രൈസ്റ്റ് അംബാസിഡഴ്സ്, വുമൺസ് മിഷൻ കൗൺസിൽ എന്നിവയുടെ പ്രവർത്തനങ്ങളും അതിശക്തമായി നടക്കുന്നു. മലബാറിലെ എല്ലാ മുനിസിപ്പൽ ടൗണുകളിലും ഇന്ന് ഏ. ജി.ക്ക് സഭകളുണ്ട്. സുവിശേഷീകരണം, സഭാസ്ഥാപനം, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിങ്ങനെ സമഗ്രമായ പ്രവർത്തന ലക്ഷ്യങ്ങൾ ഊർജ്ജിതമായി നടപ്പാക്കുവാൻ സഭാകൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.

Sharjah city AG