കട്ടപ്പന: തൊമ്മന്‍കുത്തില്‍ നടന്നത് വനംവകുപ്പിന്റെ ബുള്‍ഡോസര്‍ രാജാണെന്നും സംസ്ഥാനത്തെ വനംവകുപ്പ് ജനവിരുദ്ധമാണെന്നും സിറോ മലബാര്‍ സഭ.
സ്വകാര്യഭൂമിയില്‍ സ്ഥാപിച്ച കുരിശ് വനം വകുപ്പ് തകര്‍ത്തത് അന്യായമായിട്ടാണെന്ന് പറഞ്ഞ സഭ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമ്മര്‍ദ്ദം കടുപ്പിക്കാൻ ഒരുങ്ങുകയാണ്. തൊമ്മന്‍കുത്തില്‍ വനംവകുപ്പിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ കടുത്ത വിമര്‍ശനം.
തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന് ശേഷവും കര്‍ഷക പീഡനം സർക്കാർ തുടരുകയാണ്. കുരിശ് സ്ഥാപിച്ചവരെ വനം വകുപ്പ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു. ഉദ്യോഗസ്ഥരുടെ കടന്നു കയറ്റത്തെ ഭയന്ന് ജനത്തിന് ജീവിക്കേണ്ടി വരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വന്യജീവി ശല്യത്തിനെതിരെ പ്രക്ഷോഭം നയിച്ച വൈദികരുടെ പേരിലടക്കം കേസെടുക്കുന്ന അവസ്ഥയാണെന്നും സഭാധികാരികൾ പറഞ്ഞു.
തൊമ്മന്‍കുത്തില്‍ സെന്റ് ജോര്‍ജ് പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ചിരുന്നു. വനഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. അതേ സമയം കൈവശഭൂമിയിലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് സെന്റ് ജോര്‍ജ് പള്ളി അധികൃതരുടെ നിലപാട്. ഇക്കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തിയാണ് വനംവകുപ്പിനെതിരെ സഭ രംഗത്തെത്തിയത്.

Comments are closed.