Ultimate magazine theme for WordPress.

കൊവിഡ് വ്യാപനത്തിന് മുൻപ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർ അജ്ഞാതരോഗത്തിന് ചികിത്സ തേടിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്

ബെയ്‌ജിങ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൊവിഡ്-19 മഹാമാരിയുടെ ദുരുതം അനുഭവിക്കുന്നത് തുടരുന്നതിനിടെ കൊറോണ വൈറസിൻ്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ പുതിയ റിപ്പോർട്ട്. കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർ അജ്ഞാതരോഗത്തിന് ചികിത്സ തേടിയെന്ന് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌തു. ഇതോടെ വൈറസ് വ്യാപന സാധ്യതകൾ ഗവേഷകർ മുൻപേ കണ്ടിരുന്നുവെന്നാണ് ആരോപണം. കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുൻപ് 2019 നവംബറിൽ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകർ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്. ഇവർ രോഗബാധിതരായിരുന്നു എന്ന് വ്യക്തമാക്കുമ്പോൾ ഇവരിൽ കൊവിഡ് സ്ഥിരീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തമല്ല. അജ്ഞാതരോഗത്തിന് ചികിത്സ തേടിയെന്നാണ് റിപ്പോർട്ടിലുള്ളത്. മൂന്ന് പേരിൽ കൂടുതൽ ചികിത്സ തേടിയോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണെന്ന് യു എസ് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നത്. അതേസമയമ്മ് ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഗവേഷകർക്ക് കൊവിഡ് ബാധയുണ്ടായ സമയം, ആശുപത്രിയിൽ നിന്ന് ലഭിച്ച ചികിത്സകളുടെ വിവരം, രോഗബാധിതരായ ഗവേഷകരുടെ എണ്ണം എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കൊവിഡ് ബാധയിലാണോ ഇവർ ചികിത്സ തേടിയതെന്ന് വ്യക്തമല്ല. അതേസമയം, വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പ്രതികരിക്കാൻ ചൈനയും അമേരിക്കയും തയ്യാറായിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ കുറ്റപ്പെടുത്തിയെങ്കിലും ആരോപണങ്ങൾ ചൈന തള്ളിയിരുന്നു. എന്നാൽ, നിലവിലെ റിപ്പോർട്ടുകൾ ചൈനയുടെ നിലപാടുകൾ തള്ളുകയാണ്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്നും പുറത്തുവന്നതല്ലെന്ന നിലപാടിലാണ് ചൈന. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമായെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണവുമായി പ്രത്യക്ഷത്തിൽ അടുപ്പം കാണിക്കുന്ന ചൈനീസ് സർക്കാർ കൂടുതൽ രേഖകൾ നൽകാൻ മടിക്കുകയാണെന്ന് സംഘത്തിലെ ചില അംഗങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു. ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാഴ്‌ത്തിയ കൊവിഡ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ചൈനയിൽ നടത്തുന്ന അന്വേഷണത്തിനെതിരെ വിവിധ രാജ്യങ്ങൾ അതൃപ്‌തി പ്രകടിപ്പിക്കുന്നുണ്ട്. അന്വേഷണത്തോട് ചൈന സഹകരിക്കുന്നില്ലെന്ന ആരോപണം ശക്തമായി തുടരുന്നതിനിടെ യു എസ്, നോർവെ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാർച്ചിൽ ആശങ്ക പങ്കുവച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ചൈന വിട്ടുനൽകണമെന്നാണ് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടത്. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് വ്യാപനം ഉണ്ടായതെന്ന് ട്രംപ് ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.