അഫ്ഗാനിസ്ഥാൻ : വസ്ത്രധാരണ രീതി പാലിക്കാത്തതും സംഗീതം കേട്ടതുമുൾപ്പെടെയുള്ള കാരണങ്ങളാൽ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ താലിബാൻ സദാചാര പൊലീസ് 389 പേരെ കസ്റ്റഡിയിലെടുത്തതായി യു.എൻ മിഷന്റെ പുതിയ റിപ്പോർട്ട്. ഡ്രസ് കോഡ് ലംഘിച്ചതിന് ഹെറാത്ത് പ്രവിശ്യയിൽ മാത്രം മുപ്പതോളം സ്ത്രീകളെ തടവിലാക്കിയിട്ടുണ്ട്.
പാശ്ചാത്യ രീതിയിൽ താടി ട്രിം ചെയ്യുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ നിസ്സാര കാരണങ്ങൾക്കാണ് സാധാരണക്കാർക്കെതിരെ താലിബാൻ നടപടിയെടുത്തത്. കൂടാതെ, അനാചാരങ്ങൾ ആരോപിച്ച് കുറഞ്ഞത് 65 പേർക്ക് താലിബാൻ ഉദ്യോഗസ്ഥരിൽ നിന്ന് ശാരീരിക പീഡനം നേരിടേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.
നിയമലംഘനം ആരോപിക്കപ്പെട്ടവർക്കെതിരെ പരസ്യമായ ശിക്ഷാനടപടികളും താലിബാൻ ശക്തമാക്കിയിട്ടുണ്ട്. 112 പുരുഷന്മാരും 25 സ്ത്രീകളും ഉൾപ്പെടെ കുറഞ്ഞത് 137 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് പരസ്യമായി ചാട്ടയടിക്ക് ഇരയാക്കിയതായും യു.എൻ വ്യക്തമാക്കി.

Comments are closed.