Ultimate magazine theme for WordPress.

ഇന്ത്യയിലും യൂറോപ്പിലും വാട്‌സ് ആപ്പിന് രണ്ട് സ്വകാര്യതാ നയം

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ കീഴിലുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്‌സ് ആപ്പ് അതിന്റെ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഫേസ്ബുക്ക് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നടപ്പിലാക്കിയ നയവും യൂറോപ്പില്‍ നടപ്പിലാക്കിയ സ്വകാര്യതാ നയവും രണ്ടും രണ്ടാണ് എന്നതാണ് പുതുതായി പുറത്തു വരുന്ന വാര്‍ത്ത. ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്‌സ് ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടക്കം വാട്‌സ് ആപ്പ് യൂസറുടെ വിവരങ്ങള്‍ പരസ്യം പോലുള്ള ഉപയോഗത്തിനായി മാതൃകമ്പനിയായ ഫേസ്ബുക്കിന് കൈമാറും എന്ന് പറയുന്നു. എന്നാല്‍ യൂറോപ്പില്‍ ഇത് ഇല്ലെന്നാണ് വിമര്‍ശനം. ഇതിനെ സ്ഥരീകരിക്കുന്ന തരത്തിലാണ് വാട്‌സ് ആപ്പ് യൂറോപ്പിലെ ഡയറക്ടര്‍ ഓഫ് വാട്‌സ് ആപ്പ് പോളിസി നിമാഹ് ഷ്വിനി ട്വീറ്റ് ചെയ്തത്. ഒരു കൂട്ടം ട്വീറ്റുകളിലൂടെ ഇവര്‍ ഈ കാര്യം ഉറപ്പിച്ചു പറയുന്നു. യൂറോപ്പിലെ വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഒരിക്കലും ഫേസ്ബുക്കിന് കൈമാറില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ യൂറോപ്പിലെ വാട്‌സ് ആപ്പിന്റെ എഫ്.എ.ക്യൂ പേജിലും ഇത് കൃത്യമായി വ്യക്തമാക്കുന്നു. യൂറോപ്പില്‍ നടപ്പിലാക്കിയ ശക്തമായ നിയമമാണ് അവിടെയുള്ള വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ കാരണം. അതാണ് ജനറല്‍ ഡാറ്റ പ്രോട്ടക്ടിംഗ് റെഗുലേഷന്‍ അഥവ ജി.ഡി.പി.ആര്‍. ഇതേ സമയത്ത് ഇതിന് സമാനമായി ഇന്ത്യ തയ്യാറാക്കിയ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ല്, ഇതുവരെ നിയമം പോലും ആയിട്ടില്ല എന്നതാണ് സത്യം. ജി.ഡി.പി.ആര്‍ ശക്തമായ നിയമമാണ് എന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്. ഇത് പ്രകാരം ഒരു സര്‍വീസ് നടത്താന്‍ ആവശ്യമായ അത്യവശ്യ വിവരങ്ങള്‍ മാത്രമേ ഒരു സേവനം നല്‍കുന്ന കമ്പനിക്ക് ശേഖരിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ കടുത്ത ശിക്ഷ പിഴ നടപടികള്‍ നേരിടേണ്ടി വരും.അതേ സമയം, ഇന്ത്യയില്‍ ഐടി നിയമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത ഉണ്ട്. ഐടി ആക്ട് 2000ത്തിന്റെ സെക്ഷന്‍ 43എ ഇത്തരത്തില്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഉപയോക്താവില്‍ നിന്ന് ശേഖരിക്കുന്നതും, കൈമാറ്റം ചെയ്യുന്നതും ഒക്കെ നിയന്ത്രിക്കാനുള്ള നിയമമാണ്. സ്വകാര്യ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കാം, അത് എങ്ങനെ ഉപയോഗിക്കാം എന്നതൊക്കെ ഇതില്‍ പറയുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുക എന്നത് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുന്നു.

ഒരു ഉപയോക്താവിന് അയാളുടെ വിവരങ്ങള്‍ മറ്റെതെങ്കിലും പ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് സംബന്ധിച്ച് കൃത്യമായി മനസിലാക്കാനുള്ള മാര്‍ഗ്ഗം നിലവില്‍ ഇല്ല. ഇന്ത്യയിലെ ഡാറ്റ പ്രൈവസിയും, സംരക്ഷണത്തിനും ഒരു ശക്തമായ നിയമം ഇപ്പോള്‍ നിലവില്‍ ഇല്ല എന്നതാണ് ഈ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Leave A Reply

Your email address will not be published.