ഇന്ന് ലോക നഴ്‌സസ് ദിനം
കേരള: കൊവിഡ് മഹാമാരിക്ക് ശേഷമുള്ള അതിജീവനത്തിന്റെ ഈ പുത്തന്‍ കാലത്ത് ലോക നഴ്‌സസ് ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേര്‍ത്തുകെട്ടി ഈ മഹാമാരിക്കാലത്തെ പൊരുതി തോല്‍പ്പിച്ചവരാണവര്‍ നഴ്‌സുമാർ . 1947 ൽ മോഡേണ്‍ നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നഴ്‌സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.
ഒരു നഴ്സ് എന്നതിനു പുറമെ, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിംഗല്‍. ക്രിമിയന്‍ യുദ്ധസമയത്ത് ഒരു നഴ്‌സെന്ന നിലയില്‍ അവര്‍ നടത്തിയ സേവനങ്ങളിലൂടെയാണ് ഫ്‌ലോറന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ 2 വര്‍ഷങ്ങളിലും കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോയത്. ആഗോളതലത്തില്‍ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തു. സ്വന്തം ജീവന്‍ പോലും പണയം വച്ച് മുന്നണിപ്പോരാളികളായി അവര്‍ മഹാമാരിക്ക് മുന്നില്‍ കവചം തീര്‍ത്തു. ഇപ്പോഴും ആതുര സേവനത്തിന്റെ മാതൃകാപാത്രങ്ങളായി മുഖമില്ലാതെ ഇന്നുമവര്‍ പൊരുതുകയാണ്. പോരാടുന്ന ഭൂമിയിലെ മാലാഖമാര്‍ക്ക് ആശംസകള്‍.