കോയമ്പത്തൂർ: തിരുച്ചി റോഡ് സിഗ്നൽ ജങ്ഷനിലെ രാമനാഥപുരം ഹോളി ട്രിനിറ്റി ദേവാലയ ആക്രമണ കേസിൽ മൂന്ന് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ. കോയമ്പത്തൂർ വെള്ളല്ലൂർ മദൻകുമാർ(23), ദീപക്(26) എന്നിവരും 16കാരനുമാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി മൂർത്തി എന്ന മരുതാചലം ഒളിവിലാണ്.
ജനുവരി 24ന് പുലർച്ച ദേവാലയ കവാടത്തിന് സമീപത്തെ ഗോപുരത്തിലെ കണ്ണാടി കൂടിനകത്ത് സ്ഥാപിച്ചിരുന്ന സെന്‍റ് സെബാസ്റ്റ്യൻ പ്രതിമയാണ് അടിച്ചുതകർത്തത്. സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രാമനാഥപുരം പൊലീസ് പ്രതികളെ പിടികൂടിയത്.
തഞ്ചാവൂർ തിരുക്കാട്ടുപള്ളി സെന്‍റ് ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ സെന്‍റ് മൈക്കിൾ വനിത ഹോസ്റ്റൽ അന്തേവാസിയായ 17കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി