Ultimate magazine theme for WordPress.

പാകിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ ഭീഷണി: പോലീസുമായി ചർച്ച നടത്തി സഭാ നേതാക്കൾ

പാകിസ്ഥാൻ : ദക്ഷിണ പാകിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന സുരക്ഷാ ഭീഷണികളിലും വ്യാജ മതനിന്ദാ ആരോപണങ്ങളിലും ആശങ്ക അറിയിച്ചുകൊണ്ട് കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കൾ മുൾട്ടാൻ റീജിയണൽ പോലീസ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി. മുൾട്ടാൻ കത്തോലിക്കാ രൂപതാ മെത്രാൻ യൂസഫ് സോഹാന്റെയും ചർച്ച് ഓഫ് പാകിസ്ഥാൻ ബിഷപ്പ് റോഡറിക് ലീ പോളിന്റെയും നേതൃത്വത്തിലുള്ള എട്ടംഗ പ്രതിനിധി സംഘമാണ് പോലീസ് ഉദ്യോഗസ്ഥനായ ഉസ്മാൻ അക്രം ഗോണ്ടലുമായി ചർച്ച നടത്തിയത്.

ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, വിശ്വാസികൾക്കെതിരെയുള്ള വ്യാജ മതനിന്ദ കേസ് ചുമത്തലുകൾ, ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയാക്കൽ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യ നീതിയും സംരക്ഷണവും ക്രൈസ്തവ വിശ്വാസികൾക്ക് ലഭ്യമാക്കണമെന്നും സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ക്രൈസ്തവ ദേവാലയങ്ങളുടെയും പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും, വ്യാജ ആരോപണങ്ങളിൽ വേഗത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ആർ.പി.ഒ ഉസ്മാൻ അക്രം ഗോണ്ടൽ സഭാ നേതാക്കൾക്ക് ഉറപ്പുനൽകി. ക്രൈസ്തവർ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ പോലീസിന്റെ നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.