വാഷിംഗ്ടൺ : ലഹരിക്ക് അടിമപ്പെട്ടവർ മാനസാന്തരപ്പെട്ട് തിരികെ വരുമ്പോൾ ദൈവീക ദൗത്യങ്ങളിൽ അവർക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഫ്ലോറിഡയിലെ സെന്റ് മാർക്ക്സ് എപ്പിസ്കോപ്പൽ പള്ളിയിലെ അസോസിയേറ്റ് റെക്ടറായ പാസ്റ്റർ ബില്ലി സെർവെനി. പ്രമുഖ മാധ്യമപ്രവർത്തകൻ ടക്കർ കാൾസണുമായുള്ള അഭിമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ ക്രിസ്തീയ നിരീക്ഷണം പങ്കുവെച്ചത്.
സ്വന്തം തെറ്റുകളും ബലഹീനതകളും തിരിച്ചറിഞ്ഞ് തിരിച്ചെത്തുന്നവരിൽ നിന്ന് വലിയ പ്രത്യാശയാണ് ലഭിക്കുന്നതെന്ന് സെർവെനി ചൂണ്ടിക്കാട്ടി. അൽക്കഹോളിക്സ് അനോണിമസ് പോലുള്ള കൂട്ടായ്മകളിലെ മാനസിക പരിവർത്തനം സഭകളിലും ഉണ്ടാകണം. പള്ളികൾ കേവലം ഒരു പ്രദർശന വസ്തുവാകരുത്, മറിച്ച് മുറിവേറ്റവർക്ക് ആശ്വാസം നൽകുന്ന ആശുപത്രികളെപ്പോലെ ക്രിസ്തീയ കൃപയും സ്നേഹവും നൽകുന്ന കേന്ദ്രങ്ങളാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏദൻ തോട്ടത്തിലെ ആദാമിന്റെ പാപം മുതൽ മനുഷ്യൻ അനുഭവിക്കുന്ന ലജ്ജയും ഒറ്റപ്പെടലുമാണ് ലഹരിയിലേക്ക് നയിക്കുന്ന പ്രധാന കാരണം. “താൻ തെറ്റ് ചെയ്തു” എന്നതിനേക്കാൾ “താൻ തെറ്റുകാരനാണ്” എന്ന ചിന്തയാണ് മനുഷ്യനെ ദൈവത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റുന്നത്. എന്നാൽ ക്രിസ്തു കുരിശിൽ ഏറ്റെടുത്ത ത്യാഗത്തിലൂടെയും സുവിശേഷത്തിലെ കൃപയിലൂടെയും ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചനം നേടി ദൈവസേവനത്തിനായി ജീവിതം സമർപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.