Ultimate magazine theme for WordPress.

പാസ്റ്റർ സന്തോഷിന്റെയും ഭാര്യയുടെയും അറസ്റ്റ് രാജ്യത്തിന് നാണക്കേട് : ശശി തരൂർ എം പി

ജാമ്യം കിട്ടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തെറ്റായ വിവരം

ന്യൂഡൽഹി : ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത നടപടി വിവാദത്തിൽ. അറസ്റ്റിനെതിരെ ശശി തരൂർ എം പി രംഗത്തെത്തി.

ഇത്തരം സംഭവങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോൾ അത് നമ്മുടെ രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്ന് സർക്കാരിന് എന്തുകൊണ്ട് പറഞ്ഞുകൂടാ? തരൂർ ട്വീറ്റ് ചെയ്തു. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് നടന്നതെന്നും തരൂർ പറഞ്ഞു .

പാസ്റ്റർക്ക് എതിരെയുള്ള ആരോപണം വിശ്വാസിയായ മീനാക്ഷി സിങ് നിഷേധിച്ചു. ഞായറാഴ്ച അദ്ദേഹം ശുശ്രൂഷകൾ നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ വന്നു പ്രശ്നം ഉണ്ടാക്കുകയും മതപരിവർത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നു എന്ന് മീനാക്ഷി സിങ് വെളിപ്പെടുത്തി. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആളുകൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു നടപടിയെന്നും മീനാക്ഷി സിങ് അറിയിച്ചു. പാസ്റ്ററിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രാർത്ഥന നടത്തുന്ന ഹാൾ വാടകയ്ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആരോപണം.2021ലെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, പാസ്റ്റർ സന്തോഷും ഭാര്യയും ക്രിസ്തീയ പ്രവർത്തനങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്ന് അയൽവാസികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കുറ്റക്കാരാണെന്നു കോടതി വിധിച്ചാൽ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ജയിലിൽ കഴിയേണ്ടി വരും. ഇവരുടെ വീട്ടിൽ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ ശർമ പറഞ്ഞു. ഓപ്പറേഷൻ അഗാപെയുമായി ബന്ധപ്പെട്ട യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പ്രസ്താവനയിൽ ആരോപിക്കുന്നത്. ദൈവദാസനും കുടുംബവും ഇപ്പോഴും ജയിലിൽ തുടരുകയാണ്. മാർച്ച് ആറിന് ജാമ്യാപേക്ഷ സമർപ്പിക്കാൻ ആണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ദൈവദാസന്റെയും കുടുംബത്തിന്റെയും വിടുതലിനായി പ്രാർത്ഥിക്കാം.

Leave A Reply

Your email address will not be published.