Ultimate magazine theme for WordPress.

പീഡന കാലഘട്ടത്തിൽ ക്രൈസ്തവര്‍ രഹസ്യമായി താമസിച്ചിരുന്ന ഭൂഗര്‍ഭ നഗരം കണ്ടെത്തി

ഇസ്താംബൂള്‍: രണ്ടായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു വലിയ ഭൂഗര്‍ഭ നഗരം പുരാവസ്തു ഗവേഷകര്‍ തുര്‍ക്കിയില്‍ നിന്നും കണ്ടെത്തി. തുര്‍ക്കിയിലെ മാര്‍ഡിന്‍ പ്രവിശ്യയിലെ മിദ്യാത്ത് ജില്ലയിലെ ചുണ്ണാമ്പ് കല്ല്‌ ഗുഹക്കുള്ളിലായിട്ടാണ് ഈ പാര്‍പ്പിട സമുച്ചയം കണ്ടെത്തിയിരിക്കുന്നത്. മുഴുവന്‍ സമുച്ചയവും ഏതാണ്ട് 40,00,000 ചതുരശ്ര അടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. റോമക്കാരുടെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പുരാതന ക്രൈസ്തവര്‍ അഭയം പ്രാപിച്ചിരുന്ന നഗരമായി കരുതപ്പെടുന്നു .റോമാക്കാരുടെ മതപീഡനത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഒളിസങ്കേതമെന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് മാര്‍ഡിന്‍ മ്യൂസിയത്തിന്റെ ഡയറക്ടറും, ഉദ്ഘനനത്തിന്റെ തലവനുമായ ഗാനി ടാര്‍കാന്‍ പറഞ്ഞു . രണ്ടാം നൂറ്റാണ്ടില്‍ ക്രിസ്തുമതം ഒരു ഔദ്യോഗിക മതമായിരുന്നില്ലെന്നും, ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ റോമിന്റെ പീഡനത്തേ ഭയന്ന് ഭൂഗര്‍ഭ നഗരങ്ങളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിമക്രൈസ്തവര്‍ സുരക്ഷക്കായി അഭയം പ്രാപിച്ചിരുന്ന അഭയകേന്ദ്രമാണ് ഇതെന്ന് മാര്‍ഡിന്‍സ് മ്യൂസിയത്തിലെ മേല്‍നോട്ട ചുമതലയുള്ള ലോസന്‍ ബേയര്‍ എന്ന പുരാവസ്തുഗവേഷകന്‍ പറഞ്ഞു. ആദിമ ക്രൈസ്തവരില്‍ നിരവധി പേര്‍ യേശുവിനെ രക്ഷകനായി അംഗീകരിച്ച യഹൂദരായിരിന്നു. രണ്ടുമതങ്ങളും വിഗ്രഹാരാധകരായിരുന്ന റോമാക്കാരുടെ കടുത്ത പീഡനത്തിന് ഇരയായികൊണ്ടിരുന്ന കാലമായിരുന്നു അത്. റോമാക്കാര്‍ക്ക് ശേഷം പേര്‍ഷ്യാക്കാരും ആദിമ ക്രൈസ്തവരെ മതപീഡനത്തിനിരയാക്കിയിട്ടുണ്ട്. മതപീഡനത്തില്‍ നിന്നും രക്ഷനേടുവാന്‍ നിരവധി ക്രിസ്ത്യാനികള്‍ ഇന്ന്‍ തുര്‍ക്കി എന്നറിയപ്പെടുന്ന തെക്കന്‍ മേഖലകളില്‍ അഭയം പ്രാപിച്ചിരുന്നുവെന്ന്‍ ഭൂമിശാസ്ത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ഭക്ഷണം, വെള്ളം എന്നിവ ശേഖരിച്ച് വെക്കുവാനുള്ള സൗകര്യങ്ങള്‍ക്ക് പുറമേ, വീടുകളും, ആരാധനാലയങ്ങളും ഈ ഭൂഗര്‍ഭ നഗരത്തിലുണ്ട്. ഭിത്തിയില്‍ ദാവീദിന്റെ നക്ഷത്രം എന്ന് കരുതപ്പെടുന്ന പെയിന്റിംഗോട് കൂടിയ ദേവാലയവും ഇതില്‍ ഉള്‍പ്പെടുന്നു. ഭൂഗര്‍ഭനഗരത്തിന്റെ 5 ശതമാനത്തില്‍ താഴെ മാത്രമേ തങ്ങള്‍ക്ക് ഉദ്ഘനനം ചെയ്യുവാന്‍ കഴിഞ്ഞിട്ടുള്ളുവെന്നാണ് പുരാവസ്തുഗവേഷകര്‍ പറയുന്നത്. 70,000 ആളുകള്‍ക്ക് വരെ ഇതില്‍ താമസിക്കുവാന്‍ കഴിയും. മാറ്റിയേറ്റ് എന്ന് ഔദ്യോഗികമായി വിളിക്കപ്പെട്ടിരുന്ന ഈ നഗരത്തില്‍ നിന്നും നാണയങ്ങള്‍, വിളക്ക് തുടങ്ങിയ റോമന്‍ കാലഘട്ടത്തിലെ പുരാവസ്തുക്കള്‍ കിട്ടിയിട്ടുള്ളതിനാല്‍ എ.ഡി 2, 3 നൂറ്റാണ്ടുകളിലായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഭൂഗര്‍ഭ നഗരം എന്നാണ് ഗവേഷകരുടെ അനുമാനം.

Leave A Reply

Your email address will not be published.