ആയിരങ്ങൾക്ക് ആശ്രയമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവൻ ഒഴിപ്പിച്ച് ഡിഫൻസ് എസ്റ്റേറ്റ് ഓഫീസ്
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവൻ ഒഴിപ്പിച്ചു, രണ്ടു കോടി പിഴ ചുമത്തി. ഉത്തർപ്രദേശിലെ കാണ്‍പുരിൽ പ്രവർത്തിച്ചിരുന്ന ശിശുഭവനാണ് ഒഴിപ്പിച്ചത്. 1968 ജൂണിൽ സ്ഥാപിച്ച ശിശുഭവനിലൂടെ ആയിരത്തഞ്ഞൂറോളം കുഞ്ഞുങ്ങളെയും നിർധനരെയും മിഷനറീസ് ഓഫ് ചാരിറ്റി പരിപാലിച്ചിരുന്നു. ശിശുഭവൻ സ്ഥിതി ചെയ്തിരുന്ന സ്ഥലം 90 വർഷത്തെ പാട്ടത്തിനു നൽകിയതാണെന്നും 2019ൽ പാട്ടക്കാലാവധി അവസാനിച്ചെന്നുമാണ് ഡിഫൻസ് എസ്റ്റേറ്റ് ഓഫീസിന്റെ അവകാശവാദം. അനധികൃതമായി സ്ഥലം കൈവശം വച്ചതിനു വർഷം ഒരുകോടി രൂപ വീതം മിഷനറീസ് ഓഫ് ചാരിറ്റി പിഴ നൽകണമെന്നും ഡിഫൻസ് എസ്റ്റേറ്റ് ഓഫീസ് (ഡിഇഒ) പറയുന്നു. ഒഴിപ്പിക്കൽ നടപടി തുടങ്ങിയതിനു പിന്നാലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് ഡൽഹിയിൽ എത്തി ഡിഇഒ അധികൃതരെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും കാണാൻ സമയം തേടിയെങ്കിലും ലഭിച്ചില്ല.
സ്വകാര്യ വ്യക്തികളുടെ കൈയിൽനിന്നു മിഷനറീസ് ഓഫ് ചാരിറ്റി വാങ്ങി അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സ്ഥലം തങ്ങൾ 90 വർഷത്തെ പാട്ടത്തിനു നൽകിയതായിരുന്നെന്നും 2019ൽ അതിന്റെ കാലാവധി അവസാനിച്ചെന്നും അതിനാൽ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവരോട് ഒഴിയാൻ ആവശ്യപ്പെട്ടത്. നിയമപരമായി ആയിരത്തഞ്ഞൂറോളം കുട്ടികളെ ദത്ത് നൽകി പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് ഇവർക്ക് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. ഇവിടെനിന്നു വിവാഹം ചെയ്തയച്ച അനാഥ പെണ്‍കുട്ടികളും നിരവധിയാണ്. കാണ്‍പുരിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നെങ്കിലും യാതൊരു പ്രതിഷേധത്തിനും ഇടകൊടുക്കാതെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ ഭവനം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള എഫ്സിആർഎ രജിസ്ട്രേഷൻ അപേക്ഷ നിരസിച്ചതിനു പിന്നാലെയാണ് പതിറ്റാണ്ടുകളായി അവർ പ്രവർത്തിച്ചുവന്നിരുന്ന ശിശുഭവൻ ഇപ്പോൾ അധികൃതർ ഒഴിപ്പിച്ചത്. നേരത്തേ ഗുജറാത്തിൽ ഇവരുടെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന അനാഥശിശുക്കളെയും അഗതികളെയും വാരാണസി, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലേക്ക് സന്യാസിനികൾ മാറ്റിയിട്ടുണ്ട്. ശിശുഭവന് എതിരേയുള്ള മനുഷ്യത്വരഹിതമായ നടപടി സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും യശസിനു ക്ഷതമേൽപ്പിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരായവർക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിനുമേൽ രണ്ടു കോടി രൂപ പിഴ ചുമത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും നിരവധി സംഘടനകൾ അഭിപ്രായപ്പെട്ടു.