Ultimate magazine theme for WordPress.

അനധികൃത നിർമ്മാണം ആരോപിച്ച് മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റി ഭരണകൂടം

ഇംഫാൽ: മണിപ്പൂരിൽ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ചുമാറ്റി ബിജെപി ഭരണകൂടം. ഈസ്റ്റ് ഇംഫാൽ ജില്ലയിലെ മൂന്ന് ചർച്ചുകളാണ് അധികൃതർ ചൊവ്വാഴ്ച പൊളിച്ചത്. അനധികൃത നിർമാണമെന്നാരോപിച്ചാണ് നടപടി. സർക്കാർ ഭൂമിയിലാണ് പള്ളികൾ നിർമിച്ചതെന്ന് ജില്ലാ ഭരണകൂടം അരോപിക്കുന്നു. ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥെറൻ ചർച്ച്, കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് തകർത്തത്. സംസ്ഥാനത്ത് ബിജെപി സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കൽ നടപടിയുടെ ഉത്തരവിന്മേലുള്ള തൽസ്ഥിതി ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ തകർത്തത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ സർക്കാർ ഭൂമിയിൽ നിർമിച്ചിരുന്നതിനാലാണ് ചർച്ചുകൾ പൊളിച്ചുനീക്കിയത് എന്ന് അധികൃതർ പറയുന്നു. ഇതിൽ ഒരു പള്ളി 1974ൽ നിർമിച്ചതാണ്. 2020 ഡിസംബറിൽ പള്ളികൾക്കും സമീപത്തെ കുറച്ച് ഗാരേജുകൾക്കും സർക്കാർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ചർച്ചുകൾക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തൽസ്ഥിതി തുടരാൻ രണ്ട് വർഷത്തേക്ക് കോടതി സമ്മതിച്ചിരുന്നു.എന്നാൽ നിർമാണം സർക്കാരിന്റെ അംഗീകാരത്തോടെയാണെന്ന് സ്ഥാപിക്കാൻ ഡോക്യുമെന്ററി തെളിവ് നൽകുന്നതിൽ പള്ളികൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഏപ്രിൽ നാലിന് ഹൈക്കോടതി തൽസ്ഥിതി ഉത്തരവ് റദ്ദാക്കി. മണിപ്പൂർ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റേതായിരുന്നു നടപടി.

Leave A Reply

Your email address will not be published.