ജലന്തർ: പഞ്ചാബിൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിസ്ത്യൻ പള്ളിയും സ്ഥലവും മറിച്ച് വിറ്റ് കാശടിക്കാൻ നോക്കിയ സംഘം പിടിയിൽ. ജലന്തർ ഗോലക് നാഥ് മെമ്മോറിയൽ ചർച്ചും ഒന്നര ഏക്കർ സ്ഥലവുമാണ് ഇവർ വിൽക്കാൻ ശ്രമിച്ചത്.
പള്ളി ഭാരവാഹികൾ എന്ന വ്യാജേന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന 129 വർഷം പഴക്കമുള്ള പള്ളി കെട്ടിടവും ഒന്നരയേക്കർ സ്ഥലവും ഉൾപ്പടെ വിൽക്കാൻ ഒരാളിൽ നിന്ന് ജോർഡൻ മാഷി, മേരി വിൽസൺ എന്നിവർ അഞ്ച് ലക്ഷം രൂപ അഡ്വാൻസും വാങ്ങി. പള്ളിയുടെ ട്രഷററും കമ്മറ്റി അംഗവുമാണെന്ന വ്യാജേനയാണ് ഇവർ ഇടപാട് നടത്തിയത്. ഇത്തരമൊരു കള്ളക്കച്ചവടം നടക്കാനിടയുണ്ടെന്ന് ചില സൂചനകൾ നേരത്തെ ലഭിച്ചിരുന്നതുകൊണ്ട് യുണൈറ്റഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യ പ്രസിഡൻ്റ് സൻവർ ഭട്ടി പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസിൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഈ മാസം 10ന് രണ്ട് തട്ടിപ്പുകാരെയും പൊക്കി. മാർക്കറ്റ് വില അനുസരിച്ച് 150 കോടിയിലധികം വില വരുന്ന കെട്ടിടവും വസ്തുവകകളുമാണ് വ്യാജരേഖകൾ ചമച്ച് അഞ്ച് കോടിക്ക് വിറ്റഴിക്കാൻ ശ്രമിച്ചത്. പഞ്ചാബിലെ ആദ്യ ക്രിസ്ത്യൻ മിഷണറി എന്നറിയപ്പെടുന്ന ഗോലക് നാഥ് ചാറ്റർജിയുടെ പേരിലുള്ള പള്ളിയാണിത്. ബംഗാളി ബ്രാഹ്മണനായ ഗോലക് നാഥ് 1830ലാണ് ക്രിസ്തുമതം സ്വീകരിച്ച് ജലന്തറിലും പരിസര പ്രദേശങ്ങളിലും സുവിശേഷ പ്രവർത്തനം നടത്തിയത്. വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ഗോലക് നാഥിൻ്റെ ശ്രമഫലമായി അക്കാലത്ത് ധാരാളം കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാനിടയായി.

Comments are closed.