Ultimate magazine theme for WordPress.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നടത്തുന്ന റേഡിയോ സ്‌റ്റേഷന്‍ പൂട്ടിച്ച് താലിബാന്‍

ജലാലാബാദ്: അഫ്ഗാനിസ്ഥാന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന റേഡിയോ സ്‌റ്റേഷന്‍ പൂട്ടിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ഏക റേഡിയോ സ്‌റ്റേഷനായ ‘സാദായ് ബനോവാന്‍’ ആണ് അടച്ചു പൂട്ടിയത്.പെരുന്നാൾ മാസത്തില്‍ റേഡിയോയിലൂടെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ചാണ് താലിബാൻ കടുത്ത തീരുമാനം എടുത്തത്.
പത്ത് വര്‍ഷം മുമ്പാണ് റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ചത്. ഇവിടെയുള്ള എട്ട് സ്റ്റാഫുകളില്‍ ആറ് പേരും സ്ത്രീകളാണ്. റമളാന്‍ മാസത്തില്‍ പാട്ടുകളും സംഗീതവും പ്രക്ഷേപണം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് റേഡിയോ സ്‌റ്റേഷന്‍ പൂട്ടിയതെന്ന് പ്രവിശ്യയിലെ വിവര-സാംസ്‌കരിക വകുപ്പ് ഡയറക്ടര്‍ മൊയ്‌സുദ്ദീന്‍ അഹമ്മദി അറിയിച്ചു.
ഇസ്‌ലാമിക് എമിറേറ്റിന്റെ നിയമങ്ങള്‍ പാലിക്കുമെന്നും പെരുന്നാൾ കാലത്ത് സംഗീതം പ്രക്ഷേപണം ചെയ്യില്ലെന്നും ഉറപ്പ് നല്‍കുകയാണെങ്കില്‍ റേഡിയോ സ്‌റ്റേഷന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അഹമ്മദി പറഞ്ഞു. താലിബാന്റെ ആരോപണങ്ങള്‍ റേഡിയോ സ്‌റ്റേഷന്‍ മേധാവിയായ നാജിയ സോറോഷ് നിഷേധിച്ചു. 2021ല്‍ താലിബാന്‍ ഭരണത്തിലെത്തിയതിനെ തുടര്‍ന്ന് പല മാധ്യമസ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താലിബാന്റെ ആദ്യ ഭരണകാലത്ത് ധാരാളം ടെലിവിഷന്‍, റേഡിയോ, പത്ര മാധ്യമങ്ങളെ നിരോധിച്ചിരുന്നു.

Leave A Reply

Your email address will not be published.