സ്‌കൂളുകൾ വീണ്ടും അടയ്‌ക്കും; ഇനി ഓൺലൈൻ ക്ലാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടയ്‌ക്കാൻ തീരുമാനം. ഒമ്പത് വരെയുള്ള ക്ലാസുകൾക്കാണ് നിയന്ത്രണമുള്ളത്. ഇവർക്ക് ജനുവരി 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്നാണ് വിവരം. രണ്ടാഴ്ചക്കാലത്തേക്കാണ് നിയന്ത്രണം. ഫെബ്രുവരി രണ്ടാം വാരം മുതൽ ഇത് തുടരണമോയെന്ന് പിന്നീട് പരിശോധിക്കും.
അതേസമയം പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലുള്ളവർക്ക് ഇത് ബാധകമല്ല. വാക്‌സിനേഷൻ ലഭിക്കാത്ത 15 വയസിന് താഴെയുള്ളവരാണ് ഒമ്പതാം ക്ലാസ് മുതൽ താഴോട്ടുള്ളത് എന്നതിനാലാണ് ഈ വിഭാഗത്തെ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകാനും യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്തെ കൊറോണ വ്യാപനം കൂടുതലായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ എത്തിക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകയ്യെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് വ്യാപനം ഏറ്റവും അധികമുള്ളത്