Ultimate magazine theme for WordPress.

ക്രൈസ്തവർക്കെതിരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണി; കെ.ആർ.എൽ.സി.സി.

ആലപ്പുഴ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ക്രൈസ്തവർക്കും, ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നത് രാജ്യത്തിന്റെ മതേതര, ജനാധിപത്യ സംവിധാനത്തിന് ശക്തമായ ഭീഷണി ഉയർത്തുന്നുവെന്ന് കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതതല നയരൂപീകരണ ഏകോപന സമിതിയായ കേരളാ റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ പ്രമേയം. ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ വെച്ചു നടന്ന 38-ാമത് ജനറൽ അസംബ്ലിയിലായിരുന്നു പ്രമേയത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലാകെ ന്യൂനപക്ഷമായ ക്രൈസ്തവർ ഈ വിധത്തിൽ ആക്രമിക്കപ്പെടുന്നതിന് കാരണം ഏതാനും ദശകങ്ങളായി കരുത്താർജിച്ചുവരുന്ന ഭൂരിപക്ഷ വർഗീയതയുടെ നിരന്തര ആഹ്വാനങ്ങളും, സംഘടിത ശ്രമങ്ങളുമാണെന്നത് കൂടുതൽ ക്രൈസ്തവരെ ഉത്കണ്ഠാകുലരാക്കുന്നു. ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ഈ അക്രമങ്ങൾ അരങ്ങേറുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും ക്രൈസ്തവ സമൂഹങ്ങൾ വ്യാപകമായി നിർബന്ധ മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജപ്രചാരണം നടത്തി കർണാടകത്തിൽ ബി.ജെ.പി. ഭരണകൂടം നിയമസഭയിൽ ശബ്ദവോട്ടോടെ പാസാക്കിയ മതപരിവർത്തന നിരോധന ബില്ല് ഭരണ ഘടനാവിരുധവും മതസ്വാതന്ത്ര്യം, വൈവാഹിക ബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യം എന്നിവ അടക്കമുള്ള മൗലീക അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടന ഉറപ്പു നല്ക്കുന്ന മൗലികാവകാശങ്ങൾ ഉറപ്പാക്കികൊണ്ട് ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കും സമാധാനത്തിലും, സഹവർത്തിത്വത്തിലും ജീവിക്കാൻ സാധ്യമാകുന്ന സാഹചര്യം രൂപപ്പെടുത്താനും, നിലനിർത്താനും കേന്ദ്ര-സംസ്ഥാ സർക്കാരുകൾ അടിയന്തര കർശന നടപടികൾ സ്വീകരിക്കണമെന്ന് കെ.ആർ.എൽ.സി.സി. പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ അവകാശങ്ങളുടെയും, ആനുകൂല്യങ്ങളുടെയും വിതരണത്തിൽ ക്രൈസ്തവ വിഭാഗത്തെ മുഴുവനും ഒറ്റ ഘടകമായി പരിഗണിക്കുമ്പോൾ അവരിൽ സാമ്പത്തികമായും, സാമൂഹികമായും പിന്നിൽ നില്ക്കുന്ന ലത്തീൻ കത്തോലിക്കരെപ്പോലുള്ള സമൂഹങ്ങൾ പിന്തള്ളപ്പെടുന്നുവെന്നും, ഇതിനു പരിരക്ഷ കണ്ടെത്താനുള്ള ശുപാർശ കോശി കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇഡ്എസ് സംവരണം ഉയർത്തുന്ന അസന്തുലിത സാഹചര്യങ്ങൾ എത്രയും വേഗം പരിഹരിക്കാൻ സർക്കാർ തയ്യാറാകണെന്നും വാർത്താസമ്മേളനത്തിൽ പ്രതിനിധികൾ പറഞ്ഞു.

അതുപോലെതന്നെ, ക്രൈസ്തവ ധാർമ്മികതയുടേയും വിശ്വാസ സത്യങ്ങളുടെയും വെളിച്ചത്തിൽ രൂപപ്പെട്ടിട്ടുള്ള കൂദാശകളുടെ പരികർമ്മത്തിലുള്ള അനാവശ്യമായ ഇടപെടലാണ് കേരളത്തിലെ നിയമ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ക്രൈസ്തവ വിവാഹ നിയമത്തിലൂടെ നടത്തിയിട്ടുള്ളതെന്നും, അപ്രായോഗികവും അനാവശ്യവും അസ്വീകാര്യവുമായതിനാൽ സർക്കാർ കമ്മീഷന്റെ നിയമ ശുപാർശ നിരാകരിക്കണമെന്നും വാത്താസമ്മേളനം വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയിട്ടുള്ള നിയമനങ്ങളിൽ ലത്തീൻ കത്തോലിരുടെ പങ്കാളിത്തം അവഗണിക്കപ്പെട്ടത് ഗൗരവത്തോടെ കാണുന്നുവെന്നും സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരളീയ സമൂഹം ഉയർത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കാനും, വ്യക്തത വരുത്താനും സർക്കാരിന് ബാധ്യതയുണ്ടെന്നും, മത്സ്യ സംഭരണം, വിപണനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണെന്നും ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും സർക്കാർ നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും, ഇത് മത്സ്യതൊഴിലാളികളുടെ ജീവസന്ധാരണത്തെയും സമുദ്രവിഭവ വരുമാനത്തെയും നേരിട്ടു ബാധിക്കുമെന്നും മത്സ്യമേഖലയിലെ അതിഗുരുതരമായ പ്രതിസന്ധിയെ നേരിടാൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കെ.ആർ.എൽ.സി.ബി.സി വൈസ്‌ പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വ്യക്തമാക്കി.

കെ.ആർ.എൽ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ.സെൽവിസ്റ്റർ പോന്നുമുത്തൻ, കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, കെ.ആർ.എൽ.സി.ബി.സി. മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ.മിൽട്ടൺ കളപ്പുരക്കൽ, ആലപ്പുഴ രൂപതാ മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി, കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.