Official Website

നന്ദിയോടെ ഓർക്കാം ; റോബർട്ട് റെയ്ക്സ്ൻ എന്ന ദൈവപുരുഷനെ

മഹാനായ റോബർട്ട് റെയിക്സ് 1811 ഏപ്രിൽ 5 ന് കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു

0 378

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പൊട്ടിപ്പുറപ്പെട്ട വ്യാവസായികവിപ്ലവം അനേകകുട്ടികളെ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ബാലവേല വര്‍ദ്ധിച്ച ഒരു കാലമായിരുന്നു അത്. ദിവസവും പന്ത്രണ്ടുമണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്ന ഈ കുട്ടികള്‍ക്കു ഞായറാഴ്ചകളില്‍ അവധിയായിരുന്നു. അന്നു തെരുവിലിറങ്ങി എല്ലാ അക്രമങ്ങളും ഈ കുട്ടികള്‍ കാണിക്കുമായിരുന്നു. വ്യത്യസ്തമായ സാമൂഹികപ്രശ്‌നങ്ങള്‍ ഇവരില്‍ ഉടലെടുത്തു. 1735 സെപ്റ്റംബർ 14 ന് ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിൽ പത്ര പ്രസാധകനായ റോബർട്ട് റൈക്സ് മേരി ഡ്രൂ ദമ്പതികളുടെ മൂത്തമകനായി റോബർട്ട് റെയ്ക്ക്സ് ജനിച്ചു. ഇരുപത്തിരണ്ടാം വയസിൽ 1757-ൽ പിതാവിൽ നിന്ന് ലഭിച്ച ഗ്ലൗസെസ്റ്റർ ജേണൽ എന്ന പ്രസിദ്ധീകരണത്തിൻ്റെ ഉടമയായി റെയ്ക്ക്സ് ജീവിതം ആരംഭിച്ചു. പത്ര പ്രവർത്തനത്തിനിടയിൽ ചേരിയിലെ കുട്ടികളിൽ നല്ലപങ്കും ചെറുപ്പത്തിൽ തന്നെ കുറ്റവാളികളായി ജയിലിൽ അടക്കപ്പെടുന്നത് അദ്ദേഹത്തട്ടിൻ്റെ ശ്രദ്ധയിൽ പെട്ടു. ജയിലുകളിൽ എത്തിയിട്ട് അവരെ രൂപാന്തരപ്പെടുത്താൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ചേരിയിൽ തന്നെ അവരെ മാറ്റിയെടുക്കുന്നതായിരിക്കുമെന്ന് റെയ്ക്സിന് തോന്നി. നിരക്ഷരരായ ഈ കുട്ടികള്‍ക്ക് അക്ഷരം പഠിപ്പിക്കുകയായിരുന്നു റെയ്ക്‌സിന്റെ ആദ്യത്തെ ലക്ഷ്യം. അങ്ങനെ 1781-ല്‍ ഇംഗ്ലണ്ടിലെ മെറിഡിത്ത് (Mrs. Meredith) എന്ന സ്ത്രീയുടെ ഭവനത്തില്‍ വച്ച് ഒരു ക്ലാസ്സ് ആരംഭിച്ചു. ആദ്യമൊക്കെ കുട്ടികളുടെ പ്രതികരണം വളരെ തണുത്തതായിരുന്നു. എന്നാല്‍ പെട്ടെന്നു ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായി. 1785 ആയപ്പോള്‍ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലായി രണ്ടുലക്ഷത്തി അമ്പതിനായിരം കുട്ടികള്‍ ഈ ക്ലാസ്സില്‍ ഉത്സാഹത്തോടെ പങ്കെടുക്കാന്‍ തുടങ്ങി. 1831 ആയപ്പോള്‍ 1.2 ദശലക്ഷം കുട്ടികളാണ് ഇതില്‍ ചേര്‍ന്നത്. ഇങ്ങനെ ഞായറാഴ്ചകളില്‍ ആരംഭിച്ച ഈ പ്രസ്ഥാനമാണ് ഇന്നു ലോകം മുഴുവനും വ്യാപിച്ച സണ്ടേസ്‌കൂള്‍ പ്രസ്ഥാനം. ലോകത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസപദ്ധതി ഇങ്ങനെയാണുണ്ടായത്. സമൂഹത്തിന്റെ മേലേത്തട്ടിലുള്ളവര്‍ക്കു മാത്രമേ വിദ്യാഭ്യാസത്തിനു അവകാശവും അവസരവും ഉണ്ടായിരുന്നുള്ളു.
ചേരികളിലെ ആൺകുട്ടികൾക്കായി റെയ്ക്സ് ഞായറാഴ്ചകളിൽ ആരംഭിച്ച ക്‌ളാസുകളാണ് സണ്ഡേസ്കൂൾ പ്രസ്ഥാനത്തിൻ്റെ തുടക്കം. തലമുറകളെ ക്രിസ്തുവിൽ ഉറപ്പിക്കുവാൻ നിയോഗം ലഭിച്ച മഹാനായ റോബർട്ട് റെയിക്സ് 1811 ഏപ്രിൽ 5 ന് കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഇന്ന് ലോകമെങ്ങുമായി കോടിക്കണക്കിനു കുട്ടികൾ സൺഡേ സ്കൂളുകളിലൂടെ ക്രിസ്തീയ വിശ്വാസത്തിൻ്റെ ബാലപാഠങ്ങൾ മനസിലാക്കുകയും യേശുവിലേക്കു തിരിയുകയും ചെയ്യുമ്പോൾ നന്ദിയോടെയും ആദരവോടെയും നമുക്ക് റോബർട്ട് റെയ്ക്‌സ് എന്ന മഹാനായ ദൈവമനുഷ്യനെ ഓർക്കാം.

Comments
Loading...
%d bloggers like this: