ഒട്ടാവ (കാനഡ): കാനഡയിൽ പുതുതായി കൊണ്ടുവരുന്ന ‘കോംബാറ്റിംഗ് ഹേറ്റ് ആക്ട്’ (Bill C-09) ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഈ നിയമം നടപ്പിലാകുന്നതോടെ ചില മതപരമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതും ബൈബിൾ വചനങ്ങൾ ഉദ്ധരിക്കുന്നതും പോലും കുറ്റകരമായി മാറിയേക്കാമെന്നാണ് വിവിധ ക്രൈസ്തവ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. ലിബറൽ പാർട്ടിയുടെയും ബ്ലോക്ക് ക്യുബെക്കോയിസിന്റെയും പിന്തുണയോടെ 2026 മാർച്ച് അവസാനവാരം കനേഡിയൻ പാർലമെന്റിന്റെ അധോസഭയിൽ (House of Commons) ബിൽ പാസ്സായിക്കഴിഞ്ഞു.
നിലവിലുള്ള കനേഡിയൻ ക്രിമിനൽ കോഡിലെ (Section 319) ഒരു പ്രധാന സംരക്ഷണം എടുത്തുകളയാനുള്ള നിർദ്ദേശമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. മതപരമായ ചർച്ചകളുടെ ഭാഗമായി ‘സദുദ്ദേശ്യത്തോടെ’ (Good faith) പറയുന്ന കാര്യങ്ങളെയും മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായപ്രകടനങ്ങളെയും നിലവിൽ ‘വിദ്വേഷ പ്രസംഗം’ (Hate Speech) എന്ന പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നിയമത്തിൽ ഈ ഇളവ് റദ്ദാക്കാനാണ് നീക്കം. ഇതോടെ ബൈബിൾ, ഖുറാൻ തുടങ്ങിയ ഗ്രന്ഥങ്ങളിലെ ചില ഭാഗങ്ങൾ പഠിപ്പിക്കുന്നത് പോലും നിയമനടപടികൾക്ക് കാരണമായേക്കുമെന്ന് സഭാ നേതൃത്വങ്ങൾ ഭയപ്പെടുന്നു.

Comments are closed.