Ultimate magazine theme for WordPress.

ഫേബയുടെ മരണം: ‘ചികിത്സാ പിഴവ്’ എന്ന് ആരോപണം; കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ

തിരുവല്ല: കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ആലപ്പുഴ സ്വദേശിനി ഫേബ (29) മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ടായതായി യുണൈറ്റഡ് പെന്തക്കോസ്തൽ കൗൺസിൽ ആരോപിച്ചു. യുവതിയുടെ മരണത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയ കൗൺസിൽ, സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

​പ്രസവ സമയത്ത് ഫേബയുടെ ആരോഗ്യനിലയെക്കുറിച്ച് കുടുംബത്തിന് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ലെന്നും, അടിയന്തര ഘട്ടത്തിൽ വേണ്ട ചികിത്സ ലഭിച്ചില്ലെന്നുമുള്ള ആരോപണങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ജീവൻ രക്ഷിക്കേണ്ട ആശുപത്രികളിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ആരോഗ്യവകുപ്പ് ഇതിൽ അടിയന്തരമായി ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

​ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആശുപത്രികളിൽ സ്ഥിരമായ മേൽനോട്ട സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കൗൺസിൽ നാഷണൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോണും അറിയിച്ചു. ഫേബയുടെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെയെന്നും, നീതി ലഭിക്കുന്നതിനായി കുടുംബത്തിനൊപ്പം പ്രാർത്ഥനയോടെ നിൽക്കുമെന്നും സംഘടന വ്യക്തമാക്കി.

Sharjah city AG

Comments are closed.