തിരുവല്ല: ചില ടെലിവിഷൻ ചാനലുകൾ പെന്തകോസ്ത് സമൂഹത്തെ ലക്ഷ്യമാക്കി സ്ഥിരമായി അപകീർത്തിപരമായും ഏകപക്ഷീയമായും വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്നാരോപിച്ച് യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ (UPC) നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് സ്ഥിരം പരിപാടിയായി ഒരു സമൂഹത്തെ മാത്രം ടാർഗെറ്റ് ചെയ്യുന്ന പ്രവണതയാണെന്നും അവർ ആരോപിച്ചു.
പെന്തകോസ്ത് പാസ്റ്റർമാരെ കുറിച്ചുള്ള ചെറിയ സംഭവങ്ങളെയും ആരോപണങ്ങളെയും അതിരുവിട്ട രീതിയിൽ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് മുഴുവൻ സമൂഹത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് UPC ദേശീയ ജനറൽ പ്രസിഡന്റ് ബാബു പറയത്തു കാട്ടിൽ പറഞ്ഞു. ഇത്തരത്തിലുള്ള വാർത്തകൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതിനൊപ്പം മതസൗഹൃദം തകർക്കാനും വൈരാഗ്യം വളർത്താനും ഇടയാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം എന്ന പേരിൽ ചില വർഗ്ഗീയ ചിന്താഗതികളാൽ പ്രേരിതമായ ചാനലുകൾ സ്ഥിരമായി പെന്തകോസ്ത് സമൂഹത്തെ ലക്ഷ്യമാക്കി പരിപാടികൾ ഒരുക്കുന്നത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് UPC ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോൺ പറഞ്ഞു. മറ്റ് ഉത്തരവാദിത്തമുള്ള മാധ്യമങ്ങൾ പാലിക്കുന്ന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ, ഒരു വിഭാഗത്തെ മാത്രം തിരഞ്ഞെടുത്ത് അപകീർത്തിപ്പെടുത്തുന്ന ഈ രീതിയിലുള്ള മാധ്യമപ്രവർത്തനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം അപകീർത്തിപരമായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ഇത്തരം പ്രവണതകൾക്ക് അറുതി വരുത്തണമെന്നും UPC ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സിനായി ആവശ്യപ്പെട്ടു. മാധ്യമങ്ങൾ സത്യാവസ്ഥ പരിശോധിച്ചും സമതുലിതമായും വാർത്തകൾ അവതരിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെന്തകോസ്ത് സമൂഹത്തെ മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം സ്ഥിരം പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഇത് തുടരുകയാണെങ്കിൽ ശക്തമായ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടി വരുമെന്നും UPC നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഇക്കാര്യം ആവശ്യപ്പെട്ട് UPC ദേശീയ ജനറൽ പ്രസിഡന്റ് ബാബു പറയത്തു കാട്ടിൽ, ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ സാബു ജോൺ, ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സിനായി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Comments are closed.