Ultimate magazine theme for WordPress.

ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷി; വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ദ്ധ സമിതി; അതീവ ജാഗ്രത

തിരുവനന്തപുരം: കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിന് അതിതീവ്ര വ്യാപനശേഷി. ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് നിലവിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി കൊവിഡ് വിദഗ്ദ്ധ സമിതി അറിയിച്ചു.അതീവ ജാഗ്രത പാലിക്കണമെന്നും സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സ് ആന്‍ഡ് ഇൻ്റഗ്രേറ്റീവ് ബയോളജിയിലേയ്ക്ക് അയച്ചാണ് സാംപിൾ പരിശോധിക്കുന്നത്. മാസ്ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമ‌ര്‍ശിക്കുന്നു.മൂന്നാം ഡോസ് വാക്സിന്‍ സംബന്ധിച്ച്‌ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്തു.ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിൻ്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

Leave A Reply

Your email address will not be published.