കൽപറ്റ: കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്ത് മലങ്കര മാർത്തോമ്മാ മെത്രാപ്പൊലീത്താ ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും സ്വാന്തനത്തിന്റെയും കരങ്ങളുമായി ചൂരൽമല മുണ്ടക്കൈയിലെ ദുരന്ത മേഖലയിൽ എത്തി. ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി മാർത്തോമ്മാ സഭ നടപ്പാക്കുന്ന വിവിധ പദ്ധതികളെപ്പറ്റി വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുമായും കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖുമായും ചർച്ച നടത്തിയതിന് ശേഷമാണ് മാർത്തോമ്മാ സഭായുടെ പരമാദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ദുരന്ത മേഖലകളായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളരിമല എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്.
കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും വെള്ളരിമല പുഴയ്ക്ക് കുറുകെ സൈന്യം പണിത ബെയ്‌ലി പാലത്തിലൂടെയാണ് സംഘം ചൂരൽമലയിൽ എത്തിയത്. ദുരന്തത്തെ അതിജീവിച്ചവരോടും അവിടെ തിരച്ചിലിന് മേൽനോട്ടം വഹിച്ച റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരോടു ഉരുൾപൊട്ടലിന്റെ ഭീകരതയെക്കുറിച്ച് നേരിട്ട് ചോദിച്ചറിഞ്ഞു.
മാർത്തോമ്മാ സഭ കുന്നംകുളം മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ, സഭാ അത്മായ ട്രസ്റ്റി അഡ്വ ആൻസിൽ സഖറിയാ കോമാട്ട്, ഭദ്രാസന സെക്രട്ടറി റവ സജു ബി ജോൺ, ഭദ്രാസന ട്രഷറർ കൊച്ചുമാമ്മൻ, മെത്രാപ്പൊലിത്തയുടെ സെക്രട്ടറി റവ കെ ഇ ഗീവർഗീസ്, സഭാ കൗൺസിൽ അംഗങ്ങളായ റവ മാത്യു ബേബി, ഷെൻ പി തോമസ്, റവ സുനിൽ ജോയി, റവ സുജിൻ വർഗീസ്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ, ഐബിൻ തോമസ് എന്നിവർക്കൊപ്പമാണ് തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ദുരന്തസ്ഥലത്ത് എത്തിയത്. തുടർന്ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ദുരന്തത്തിൽ മരിച്ചവരെ അടക്കം ചെയ്ത പുത്തുമലയിൽ സ്മശാനത്തിൽ എത്തി പ്രാർത്ഥനകളും നടത്തിയതിന് ശേഷമാണ് ദുരന്ത സ്ഥലത്ത് നിന്ന് മടങ്ങിയത്.
