Ultimate magazine theme for WordPress.

മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹന്‍ അന്തരിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്ററുമായ ഡി.വിജയമോഹന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കേയാണ് അന്ത്യം. നാലുപതിറ്റാണ്ടിലേറെയായി മലയാള പത്രപ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്ന വിജയമോഹന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി.മുരളീധരനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു.

ഡി.വിജയമോഹന്‍. മലയാളമനോരമയുടെ പേജുകളില്‍ ഈ പേരിന് താഴെ വന്ന വാര്‍ത്തകള്‍ മലയാളികളില്‍ ആകാംക്ഷയും ആവേശവും സന്തോഷവും ആശങ്കയും വേദനയും രോഷവുമെല്ലാം സൃഷ്ടിച്ചിട്ടുണ്ട്. നാലുപതിറ്റാണ്ടിലേറെയായി സംശയത്തിന്റെ കണിക പോലുമില്ലാതെ ഈ ബൈലന്‍ ഉറച്ചുനിന്നത് വാര്‍ത്തയോടുള്ള വിജയമോഹന്റെ സമീപനത്തിന് തെളിവായിരുന്നു. തീവ്രവാദം കൊടുമ്പിരിക്കൊണ്ട പഞ്ചാബിലെ ഗ്രാമങ്ങളില്‍ നിന്ന് നിയമസഭാതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഉത്തര്‍പ്രദേശിലെ ഖുര്‍ജയില്‍ നേത്രശസ്ത്രക്രിയാ ക്യാംപില്‍ എണ്ണൂറോളം പേര്‍ക്ക് കാഴ്ച നഷ്ടമായ വാര്‍ത്ത പുറത്തുകൊണ്ടുവരുമ്പോഴും പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പുകള്‍ നേരിട്ട് വായനക്കാരിലേക്കെത്തിക്കുമ്പോഴുമെല്ലാം പത്രപ്രവര്‍ത്തകന്റെ ആര്‍ജവവും സ്ഥൈര്യവും പ്രതിബദ്ധതയും രാജ്യം കണ്ടു. ടി.വി.ആര്‍.ഷേണായിയും കെ.ഗോപാലകൃഷ്ണനും അടക്കമുള്ള അതികായന്മാരുടെ ശിക്ഷണത്തില്‍ ഉയരങ്ങള്‍ താണ്ടിയ വിജയമോഹന്‍ 1978 ലാണ് മലയാള മനോരമയുടെ ഭാഗമായത്. കോഴിക്കോടും കൊല്ലവും ജന്മനാടായ തിരുവനന്തപുരവും പിന്നിട്ട് 1985ല്‍ ഡല്‍ഹിയില്‍. രാഷ്ട്രീയറിപ്പോര്‍ട്ടിങ്ങില്‍ ദേശീയശ്രദ്ധ നേടി. ചരിത്രമായി മാറിയ ഒട്ടേറെ സംഭവവികാസങ്ങള്‍ക്ക് നേര്‍സാക്ഷിയായി.

ഇംഗ്ലണ്ടിലെ കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടണ്‍ ഫെലോഷിപ്, കേരള പ്രസ് അക്കാദമിയുടെ വി.കരുണാകരന്‍ നമ്പ്യാര്‍ പുരസ്കാരം, ശിവറാം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ വിജയമോഹനെ തേടിയെത്തി. ലോക്സഭാ പ്രസ് അഡ്വൈസറി കമ്മിറ്റി അംഗം, ഡല്‍ഹി ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എസ്.ജയശ്രീയാണ് ഭാര്യ. മകന്‍ വി.എം.വിഷ്ണു അഭിഭാഷകനാണ്.

ഡി.വിജയമോഹന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു. ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ വസ്തുനിഷ്ഠമായി മലയാളിക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവര്‍ത്തകനായിരുന്നു ഡി.വിജയമോഹനനെന്ന് അനോശചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.