Ultimate magazine theme for WordPress.

ഭരണകൂട വേട്ടയാടലില്‍ ബിഷപ്പിനെ തടവിലാക്കിയിട്ട് മൂന്നാഴ്ച ; നീതി ലഭിക്കും വരെ തങ്ങള്‍ തുടരുമെന്നു മനുഷ്യാവകാശ സംഘടന

മനാഗ്വേ : നിക്കാരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ട ബിഷപ്പ് റോളണ്ടോ അല്‍വാരെസ് ജയിലിലായിട്ട് മൂന്നാഴ്ചയാകുന്നു. ഇതുവരെ അദ്ദേഹത്തിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. 15 ദിവസങ്ങളായി വീട്ടുതടങ്കലിലായിരുന്ന ബിഷപ്പ് അല്‍വാരെസ് 4 വൈദികര്‍ക്കും, രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കും, ഒരു ക്യാമറാമാനുമൊപ്പം ഇക്കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് അറസ്റ്റിലാകുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും, അധികാരികളെ ആക്രമിക്കുന്നതിനായി അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാനും ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഒര്‍ട്ടേഗയുടെ ഭാര്യാ സഹോദരനായ ഫ്രാന്‍സിസ്കോ ഡിയാസിന്റെ നേതൃത്വത്തിലുള്ള ദേശീയ പോലീസ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനൊന്നും യാതൊരു തെളിവുമില്ല.

നീതി ലഭിക്കും വരെ തങ്ങള്‍ തുടരുമെന്നു മനുഷ്യാവകാശ സംഘടനയായ നിക്കാരാഗ്വേന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി.
ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികളായ 18 കന്യാസ്ത്രീകളെയും രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു. എഴ് വൈദികരെ യാതൊരു കാരണവും കൂടാതെ അറസ്റ്റ് ചെയ്യുകയും, 9 കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും, 3 കത്തോലിക്കാ ചാനലുകളും ഭരണകൂടം അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.