സ്വന്തം പൊലീസ് സേനക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രായേല്‍
ജറുസലേം: രാജ്യ നിര്‍മിതമായ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചെന്ന ആരോപണത്തില്‍ സ്വന്തം പൊലീസ് സേനക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രായേല്‍. ഇടതു-വലത് രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ പൊലീസ് പെഗാസസ് ഉപയോഗിച്ചതായുള്ള മാധ്യമ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി .കോടതി ഉത്തരവില്ലാതെ, ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരുടെയും ഇസ്രായേലി പൗരന്മാരുടെയും ഫോണുകള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ച് പൊലീസ് ശ്രമിച്ചെന്നായിരുന്നു കാറ്റലിസ്റ്റ് ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തത് ആരോപണം അന്വേഷിക്കുന്നതിനായി മന്ത്രിതല സമിതിയെ രൂപീകരിച്ചതായും ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിനെതിരെ പ്രയോഗിക്കുന്ന ഒരു ടൂളാണിത്. അതിലൂടെ സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കരുത്. ജനാധിപത്യത്തില്‍ സംഭവിച്ചു കൂടാത്തതാണിതെന്നായിരുന്നു പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റിന്റെ പ്രതികരണം. മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന് അവ്നെറും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍, അഴിമതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ തെളിവ് നല്കിയവര് ഉള്‍പ്പെടെ രഹസ്യനിരീക്ഷണത്തിന് വിധേയരായി എന്ന് റിപ്പോർട്ട് ചെയ്യുന്നു.
