ലണ്ടൻ: പ്രമുഖ അഡൽറ്റ് ഫിലിം താരമായ ലിലി ഫിലിപ്സ് (24) ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിയതും താൻ വീണ്ടും സ്നാനം സ്വീകരിച്ചതായും വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സ്നാനം സ്വീകരിക്കുന്ന വീഡിയോ ലിലി പങ്കുവെച്ചത്. എന്നാൽ തന്റെ തൊഴിൽ ഉപേക്ഷിക്കില്ലെന്ന താരത്തിന്റെ നിലപാട് ക്രിസ്തീയ സമൂഹത്തിനിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്കും രൂക്ഷമായ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഒരു ശുശ്രൂഷകന്റെ സാന്നിധ്യത്തിൽ താൻ മാമോദീസ സ്വീകരിക്കുന്ന വീഡിയോ ലിലി പങ്കുവെച്ചത്. ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ദിവസം എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചത്. തന്റെ വ്യക്തിജീവിതത്തിലുണ്ടായ ചില മാറ്റങ്ങളാണ് ദൈവത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു. താൻ ഒരു പരമ്പരാഗത ക്രിസ്ത്യാനിയല്ലെന്ന് ലിലി തുറന്നുപറയുന്നു. അഡൽറ്റ് ഫിലിം രംഗത്ത് തുടരുമെന്നും അബോർഷൻ, സ്വവർഗ്ഗ വിവാഹം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ പരമ്പരാഗത നിലപാടുകളോട് യോജിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ദൈവവുമായുള്ള ബന്ധം ഓരോരുത്തർക്കും വ്യക്തിപരമാണ് എന്നാണ് ലിലിയുടെ വാദം. പ്രമുഖ നടൻ റസ്സൽ ബ്രാൻഡ് ലിലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ സോഷ്യൽ മീഡിയ കമന്റേറ്ററായ ജോൺ റൂട്ട് ഇതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് വെറുമൊരു പ്രശസ്തിക്ക് വേണ്ടിയുള്ള നാടകം മാത്രമാണെന്നും ജീവിതരീതിയിൽ മാറ്റം വരുത്താതെയും പാപസാഹചര്യങ്ങൾ ഉപേക്ഷിക്കാതെയും നടത്തുന്ന ഇത്തരം പ്രവൃത്തികൾ ക്രിസ്തീയ വിശ്വാസത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.