ഡൽഹി : ഭക്ഷ്യസഹായം നൽകുന്നതിനൊപ്പം ദീർഘകാല സാമ്പത്തിക താൽപ്പര്യങ്ങളും മുൻനിർത്തി ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇന്ത്യ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു. ‘ദ മീഡിയ ലൈൻ’ റിപ്പോർട്ട് പ്രകാരം, സമീപ ആഴ്ചകളിൽ ബുർക്കിന ഫാസോ, മലാവി, മൊസാംബിക്ക് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വൻതോതിൽ അരി കയറ്റി അയച്ചു. വരൾച്ച ബാധിച്ച മലാവിയിലേക്കും ബുർക്കിന ഫാസോയിലേക്കും 1,000 മെട്രിക് ടൺ വീതവും, പ്രളയക്കെടുതി അനുഭവിക്കുന്ന മൊസാംബിക്കിലേക്ക് 500 മെട്രിക് ടൺ അരിയുമാണ് ഇന്ത്യ എത്തിച്ചത്.
വെറുമൊരു സഹായ ഹസ്തത്തിനപ്പുറം, ആഫ്രിക്കയിലെ നിർണ്ണായക ധാതുസമ്പത്ത് ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികൾ മറികടക്കാനും ആഫ്രിക്കൻ രാജ്യങ്ങളുമായി ആഴത്തിലുള്ള പങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ ആഫ്രിക്കയിലെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന് ബദലായിട്ടാണ് ഇന്ത്യയുടെ ഈ പുതിയ ‘ടു-ട്രാക്ക്’ തന്ത്രത്തെ ലോകം നോക്കിക്കാണുന്നത്

Comments are closed.