പ്രതിരോധശേഷി തകരാറിലാകും; കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് നിര്‍ദേശവുമായി നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ (എന്‍.ബി.ടി.സി) രംഗത്ത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് കൗണ്‍സില്‍ അറിയിച്ചു.
പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച ദിവസം മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിയുന്നത് വരെയുള്ള കാലയളവില്‍ രക്തദാനം നടത്തുരുതെന്നാണ് എന്‍.ബി.ടി.സി പറയുന്നത്. രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയില്‍ ചുരുങ്ങിയത് 28 ദിവസത്തെ ഇടവേളയുള്ളതിനാല്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് കഴിഞ്ഞാല്‍ 57 ദിവസത്തേക്ക് രക്തദാനം നടത്തരുത്.
നിലവില്‍ രാജ്യത്ത് രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും. രണ്ട് വാക്‌സീനുകളുടെ കാര്യത്തിലും പുതിയ മാര്‍ഗ നിര്‍ദേശം ബാധകമാണ്.
