‘ഞാന്‍ ബൈബിൾ പൂര്‍ണ്ണമായും വായിച്ചു\’; പ്രേക്ഷകരോടും ബൈബിൾ വായിക്കാൻ ആഹ്വാനം ചെയ്യുന്നു പട്രീഷ്യ ഹീറ്റൺ
ഒഹായോ: തന്റെ ആരാധകരോട് വിശുദ്ധ ബൈബിൾ മുഴുവൻ വായിക്കാൻ ആഹ്വാനവുമായി പ്രമുഖ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ. ഡിസംബർ പതിനെട്ടാം തീയതിയാണ് ഹീറ്റൺ ബൈബിൾ മുഴുവൻ വായിച്ചു തീർത്തുവെന്ന സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു വർഷം മുമ്പ് ഇതേ ദിവസം ബൈബിൾ മുഴുവൻ വായിച്ചു തീർക്കണമെന്ന് ഒരു തീരുമാനം എടുത്തുവെന്നും, അത് ഇപ്പോൾ പൂർത്തീകരിച്ചുവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പട്രീഷ്യ പറയുന്നു.
ബൈബിൾ വായിക്കുന്ന സമയത്ത് വചനഭാഗങ്ങൾ എഴുതിവെക്കാൻ ഉപയോഗിച്ച രണ്ട് പേപ്പറുകളും ഹോളിവുഡ് താരം പങ്കുവെച്ചു . ചില ദിവസങ്ങളിൽ വായിച്ച ബൈബിൾ ഭാഗങ്ങൾ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് താരം പറയുന്നു. മറ്റു ചില ദിവസങ്ങളിൽ ഭാരം അനുഭവപ്പെട്ടു. എന്നാൽ മുന്നോട്ടു പോയി. ഏതെല്ലാം പേരുകളിൽ ദൈവത്തെ ബൈബിളിൽ വിശേഷിപ്പിക്കുന്നുവോ, ആ പേരുകളും താൻ കുറിച്ചുവെച്ചു. ജനുവരി ഒന്നാം തീയതി മുതൽ താൻ ബൈബിൾ വീണ്ടും വായിക്കാൻ ആരംഭിക്കുമെന്നും പട്രീഷ്യ വ്യക്തമാക്കി. ഗർഭസ്ഥശിശുവിൻറെ ജീവിക്കാനുള്ള അവകാശത്തെ പിന്തുണച്ചും ഭ്രൂണഹത്യയെ അപലപിച്ചും വിവിധ അവസരങ്ങളിലും സംസാരിച്ചിട്ടുള്ള പട്രീഷ്യ ഹീറ്റൺ ജീവിതത്തിന്റെ ലക്ഷ്യമെന്നത് ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണമെന്നും തുറന്നു പറഞ്ഞിട്ടുണ്ട്. കത്തോലിക്ക വിശ്വാസിയായ പട്രീഷ്യ നാലു മക്കളുടെ അമ്മ കൂടിയാണ്.
