Ultimate magazine theme for WordPress.

നേപ്പാളിൽ ഇന്ത്യൻ കമ്പനികളുടെ മരുന്നുകൾക്ക് നിരോധനം

രാജ്യത്തേക്ക് ഔഷധ ഇറക്കുമതിക്ക് അനുമതി തേടിയ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവര്‍ നിര്‍മ്മാണം നടത്തുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. നിരോധനം ഏര്‍പ്പെടുത്തിയ കമ്പനികളില്‍ ചിലത് നിലവില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും മറ്റുള്ളവ പുതിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി

കാഠ്മണ്ഡു: ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16 ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാള്‍. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പട്ടിക പുറത്തുവിട്ടത്. അലോപ്പതി- ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസിയടക്കമുള്ള കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.

രാജ്യത്തേക്ക് ഔഷധ ഇറക്കുമതിക്ക് അനുമതി തേടിയ കമ്പനികളുടെ നിര്‍മ്മാണശാലകള്‍ പരിശോധിച്ച ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇവര്‍ നിര്‍മ്മാണം നടത്തുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. നിരോധനം ഏര്‍പ്പെടുത്തിയ കമ്പനികളില്‍ ചിലത് നിലവില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും മറ്റുള്ളവ പുതിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ദിവ്യ ഫാര്‍മസിക്ക് പുറമേ, റേഡിയന്റ് പാരന്‍റേരല്‍സ്, മെര്‍ക്കുറി ലബോറട്ടറീസ്, അലയന്‍സ് ബയോടെക്ക്, കാപ്ടാബ് ബയോടെക്, അഗ്ലോമെഡ്, സീ ലബോറട്ടറീസ്, ഡാഫോഡില്‍സ് ഫാര്‍മ, ജി.എല്‍.എസ്. ഫാര്‍മ, യുനിജുല്‍സ് ലൈഫ് സയന്‍സ്, കണ്‍സപ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ശ്രീ ആനന്ദ് ലൈഫ് സയന്‍സസ്, ഐ.പി.സി.എ. ലബോറട്ടറീസ്, കാഡില ഹെല്‍ത്ത് കെയര്‍, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മാക്കുര്‍ ലബോറട്ടറീസ് എന്നീ കമ്പനികളില്‍ നിന്നുള്ള ഇറക്കുമതിയും നേപ്പാള്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിന് പിന്നാലെ നേപ്പാളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് ഔഷധനിര്‍മ്മാണം നടത്തുന്ന 46 കമ്പനികളുടെ ലിസ്റ്റും നേപ്പാള്‍ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ പരിശോധനയ്ക്കായി ഒരു സംഘത്തെ നേപ്പാള്‍ ഇന്ത്യയിലേക്ക് അയച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം നടത്തുന്ന മരുന്നുകളില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ളവയും ദന്തരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയും വാക്‌സിനുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.