Official Website

ഹൈക്കോടതി വിധിയും പെന്തക്കോസ്റ്റരുടെ ആശങ്കയും

ജെയ്‌സ് പാണ്ടനാട്

0 2,452

നിയമപ്രകാരം അനുമതിയില്ലാതെ സംസ്ഥാനത്ത് ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം നൽകിയത് ക്രൈസ്തവ സമൂഹത്തിൽ പ്രത്യേകിച്ച് പെന്തകോസ്ത് വിഭാഗത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്

അനധികൃതമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടാൻ നടപടി എടുക്കണമെന്നും വാണിജ്യ പെർമിറ്റിലും മറ്റും പണിത കെട്ടിടങ്ങൾ ആരാധനാലയമായി( ഒഴിച്ചു കൂടാനാവാത്ത) പരിവർത്തനം ചെയ്യുന്നതും അനുവദിക്കരുതെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു.

ആരാധനാലയങ്ങളുടെ അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങളുടെ അകലം മാനദണ്ഡമാക്കണമെന്നും ഇൻ്റലിജൻസ് റിപ്പോർട്ട് തേടി സാഹചര്യം വിലയിരുത്തണമെന്നും കോടതി പറഞ്ഞു.
മലപ്പുറം ജില്ലയിലെ കെട്ടിടം ആരാധനാലയമാക്കി മാറ്റുന്നതിന് അനുമതി നിഷേധിച്ചതിനെതിരെ നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘടന നൽകിയ ഹർജി തീർപ്പാക്കുകയയിരുന്നു കോടതി.
ഈ പ്രദേശത്ത് 5 കിലോമീറ്റർ ചുറ്റളവിൽ 36 ആരാധനാലയങ്ങൾ ഉണ്ടെന്ന് കോടതി പറഞ്ഞു. പ്രാർഥനാലയങ്ങൾ തുടങ്ങുന്നതിൻ്റെ പേരിൽ നാട്ടിൽ മതസൗഹാർദ്ദ അന്തരീക്ഷം തകരില്ലെന്ന് പോലീസും സർക്കാരും ഉറപ്പ് നൽകണമെന്നും കോടതി ചൂണ്ടി കാട്ടി.

ഈ വിധിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ സമൂഹത്തിൽ വ്യാപകമായ ആശങ്ക നില നിൽക്കുന്നുണ്ട്. പ്രത്യേകിച്ച് പെന്തകോസ്ത് – ബ്രദറൻ സഭകളിൽ പല കൂട്ടായ്മകളും അപ്പാർട്ട്മെൻ്റ്, വാടകകെട്ടിടങ്ങൾ, വൈഎംസിഎ ഹാളൂകൾ, ഷോപ്പിംഗ് കോംപ്ലക്സ്, കടമുറികൾ, വീടുകൾ എന്നിവിടങ്ങളിലാണ് നടക്കുന്നത്.

ഒരു സ്ഥലത്ത് പുതിയ പ്രവർത്തനം തുടങ്ങിയാൽ ഏറെ വർഷങ്ങൾക്ക് ശേഷമാണ് സ്ഥലം വാങ്ങി സഭാ ഹാൾ പണിയുന്നത്. അതുവരെ വീടുകളിലോ വാടക കെട്ടിടങ്ങളിലോ ആയിരിക്കും യോഗങ്ങൾ നടക്കുക. ഇത്തരം വിധികൾ പയനിയർ വർക്കുകളെ ബാധിക്കും.
നൂറ് കണക്കിന് സുവിശേഷകന്മാർ/മിഷനറിമാർ ആണ് മിഷൻ ഫീൽഡ്കളിൽ പ്രവർത്തിക്കുന്നത്.

ഈ കോടതി വിധിയുടെ മറവിൽ ആർക്കും പരാതിപ്പെടാം. സഭയുടെ എതിരാളികൾക്ക് ഈ വിധി ദുരുപയോഗം ചെയ്യാം. പൊലീസിലെ ഒരു വിഭാഗം വിധിയുടെ മറവിൽ പ്രാർത്ഥനാലയ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്താം. വീടുകളിലെ പ്രാർഥന( കോട്ടേജ് മീറ്റിംഗ്) , ധ്യാന യോഗങ്ങൾ, സൺഡേ സ്കൂൾ, വിബിഎസ് , ബൈബിൾ കോളേജ്കൾ ഒക്കെ തടസ്സപ്പെടുത്താം. രാഷ്ട്രീയ പാർട്ടികളും പോലീസും പരാതിക്കാരും ഒത്തുകളിച്ചാൽ ആർക്കെതിരെയും കള്ളക്കേസ് എടുക്കാൻ കഴിയും.
നിലമ്പൂർ, അമരാമ്പലം ഗ്രാമ പഞ്ചായത്തിലാണ് വിവാദ വിധിക്ക് അടിസ്ഥാനമായ സംഭവം നടന്നത്.

ഒരു വാണിജ്യ സ്ഥാപനം ഒരാൾ പണിതു. ആ സ്ഥാപനം ഉൾപ്പെടെയുള്ള ഭൂമി മറ്റൊരു ട്രസ്റ്റ് വാങ്ങുന്നു. ഈ ട്രസ്റ്റ് വാങ്ങുന്നതിന് മുൻപ് തന്നെ ആ സ്ഥാപനം പണിത ആൾ അവിടെ ഒരു പള്ളിയുണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞു പരാതി കൊടുക്കുന്നു. പിൽക്കാലത്ത് ഈ വാണിജ്യ സ്ഥാപനം പുതിയ ട്രസ്റ്റ് വാങ്ങിയപ്പോൾ അവർ ബിൽഡിംഗ് പള്ളിയായി പരിവർത്തിപ്പിക്കാൻ അനുവാദത്തിന് വേണ്ടി കലക്ടർക്ക് അപേക്ഷ കൊടുത്തു. കലക്ടർ പ്രസ്തുത അപേക്ഷ നിരാകരിച്ചു. കലക്ടറുടെ ഉത്തരവിനെതിരെ ആവലാതിക്കാർ ഹൈക്കോടതിയിൽ എത്തി. എന്നാൽ കലക്ടറുടെ ഉത്തരവിൽ ഇടപെടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ കേസ് പരിഗണിക്കവെ കോടതി മറ്റ് ചില നിരീക്ഷണങ്ങൾ കൂടി നടത്തി.

ദൂരവ്യാപകമായ ഫലങ്ങൾ ഉളവാകുന്ന നിരീക്ഷണങ്ങളും നിർദ്ദേശങ്ങളാണ് കോടതി പറഞ്ഞത്.
കലക്ടർ കൊടുത്ത റിപ്പോർട്ടിൽ 4000 മുസ്ലിംങ്ങൾ , 3500 ഹിന്ദുക്കൾ,1000 ലധികം ക്രിസ്ത്യാനികൾ ഉള്ള ഒരു ഗ്രാമമാണ്. അവിടെ 5 കിലോമീറ്റർ ചുറ്റളവിൽ 36 പള്ളികൾ ഉണ്ട്. ഈ സ്ഥാപനത്തിനടുത്ത് 5 കിലോമീറ്ററിന് അടുത്ത് ഇനി ഒരു പള്ളിയുടെ ആവശ്യമില്ല. അവിടെ പള്ളി വന്നാൽ കമ്യുണൽ ഹാർമണി തകരും. ആനി എം ജോർജ് ഈ കേസിൽ കക്ഷി ചേർന്ന് ഒബ്ജെക്ഷൻ കൊടുത്തിട്ടുണ്ട്. എസ്പി, കലക്ടർ എന്നിവരുടെ റിപ്പോർട്ടിൽ മതസ്പർദ്ധ ഉണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്.
36 പള്ളി ഉണ്ടായിരുന്നപ്പോൾ സ്പർദ്ധ ഉണ്ടായില്ല. ഒരെണ്ണം കൂടി വരുമ്പോൾ സ്പർദ്ധ ഉണ്ടാകും എന്ന യുക്തിരഹിതമായ വാദമാണ് ഉയർത്തുന്നത്.
എന്നിട്ട് കേരളത്തിൽ മൊത്തം ഒരു ലക്ഷത്തിലധികം മതസ്ഥാപനങ്ങളുണ്ട്. 25000 ആശുപത്രികളെ ഉള്ളൂ. കേരളത്തിലെ വില്ലേജുകളെക്കാൾ പത്തിരട്ടി പള്ളികൾ ഉണ്ട്. ഇനി പള്ളികളുടെ ആവശ്യം ഇല്ല. വളരെ അടിയന്തിര ഘട്ടത്തിൽ മാത്രമെ വാണിജ്യ സ്ഥാപനങ്ങൾ പ്രാർത്ഥനാലയമാക്കി മാറ്റാവൂ.
ഈ വിധി സൃഷ്ടിച്ചിരിക്കുന്നത് എസ്പി, കലക്ടർ എന്നിവരുടെ റിപ്പോർട്ട് ആണ്. അതുപോലെ പഞ്ചായത്തിൻ്റെ നിലപാടും ആണ്. ഇവരെല്ലാവരും കൂടി വാദിച്ച് കേരളത്തിൽ ഒരു പുതിയ മതസ്ഥാപനം ഉണ്ടാക്കാൻ പറ്റാത്ത സാഹചര്യം ഒരുക്കിയിരിക്കുകയാണ്. മാത്രമല്ല നിലവിൽ ഉള്ള മതസ്ഥാപനങ്ങൾ അടച്ചു പൂട്ടാനുള്ള ഒരു വഴിയും ഉണ്ടാക്കിയിരിക്കുന്നു.
കോടതി പറഞ്ഞതാണ് എന്നും പറഞ്ഞു സർക്കാരിന് ഒഴിഞ്ഞു മാറാം. എന്നാൽ ഡാറ്റാ എല്ലാം കൊടുത്തത് സർക്കാർ ആണ്.

എന്നാൽ വിരോധാഭാസം, കേരളത്തിൽ എത്ര ബാറുകൾ ഉണ്ട്. കള്ളുഷാപ്പുകൾ ഉണ്ട്. ലഹരി ഉപയോഗം കൂടിയിട്ടുണ്ട്. എത്ര വിദ്യാർഥികൾ ചികിത്സക്കായി എത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളിൽ ക്രൈം എത്രത്തോളം വർദ്ധിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ഒന്നും കോടതിക്ക് ആശങ്ക ഇല്ല. ഡേറ്റാ കയ്യിൽ ഉണ്ടോ.

മതസ്ഥാപനങ്ങൾ സമൂഹത്തിൽ നടത്തുന്ന വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ ഇടപെടലുകൾ വില കുറച്ചു കാണാൻ പറ്റുമോ.
മതങ്ങൾ മുന്നോട്ട് വയ്ക്കുന്ന ധാർമിക അച്ചടക്കവും നൈതിക മൂല്യങ്ങളും ഒട്ടും ചെറുതല്ല.
കുടുംബ ഭദ്രതക്കും നവീകരണത്തിനും മതങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

മദ്യ വർജ്ജനം, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ നടത്തുന്ന കാമ്പയിൻ എല്ലാം സഭകളുടെ അജണ്ടകളാണ്. കോടതി പറഞ്ഞ ഈ ഹോസ്പിറ്റലുകൾ, സ്കൂളുകൾ, ഡീ അഡിക്ഷൻ സെൻ്ററുകൾ, ലഹരി മുക്തി കൗൺസിലിംഗ് സെൻ്റർ ഇതെല്ലാം മതസ്ഥാപനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളാണ്.
മതസ്ഥാപനങ്ങൾ സമൂഹത്തിന് ആകമാനം പ്രശ്നമാണെന്ന മതവിരുദ്ധ പ്രസ്താവന വിപരീതഫലമേ ഉണ്ടാക്കൂ.

ഒരു മതേതര രാജ്യത്ത് വിവിധ മതങ്ങളുടെ ആലയങ്ങൾ അടുത്ത് അടുത്ത് വരുന്നത് ആരെയും വേദനിപ്പിക്കുന്നില്ല. അങ്ങനെയാണ് ഈ നാട്ടിൽ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. ബിവറേജ് ( ബാറുകൾ) വരുന്നത് പോലെയാണോ ദേവാലയങ്ങൾ.

കോടതിയിൽ മതസ്ഥാപനങ്ങൾക്കെതിരെ നിലപാട് എടുത്ത് എതിരായ വിധി സമ്പാദിച്ചതിൽ ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തിനും ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ട് സർക്കാരിന് അപ്പീൽ പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഇനി ആരെങ്കിലും പുതിയ ഒരു ചർച്ച് പണിയാൻ തുടങ്ങിയാൽ ആർക്കും എതിർക്കാം.

ഓരോ മതത്തിനുള്ളിലും അവാന്തര വിഭാഗങ്ങൾ ഉണ്ട്. സുന്നികൾ, മുജാഹിദുകൾ, ജമാ അത്തെ ഇസ്ലാമി, ഖാദിയാനികൾ, ഷിയാക്കൾ അങ്ങനെ പല ഗ്രൂപ്പുകൾ ഇസ്ലാമിലുണ്ട്.
ക്രൈസ്തവ മതത്തിൽ വിവിധ ദൈവശാസ്ത്രം, കാറ്റക്കറ്റിസം, ലിട്ടർജി, പാരമ്പര്യങ്ങൾ ഒക്കെ പിന്തുടരുന്നവർ ഉണ്ട്. അവർക്കെല്ലാം വെവ്വേറെ ആലയങ്ങൾ വേണം.
ഹൈന്ദവ മതത്തിൽ വൈജാത്യങ്ങൾ ഏറെയാണ്. ക്ഷേത്രങ്ങൾക്കും പ്രതിഷ്ഠകൾക്കും ദേവതാ – ഉപ ദേവതാ സങ്കൽപ്പങ്ങൾക്കും വ്യത്യാസം ഉണ്ട്. ഇതൊക്കെ സ്ഥാപിക്കുന്നത് സർക്കാർ അല്ല. നിർമ്മാണത്തിന് കണക്കും തോതും വാസ്തു വിദ്യ – തച്ചു ശാസ്ത്രങ്ങളും ഒക്കെ ഉണ്ട്.

സമ്മിശ്ര സംസ്കാരവും മത ബഹുലതയും നിറഞ്ഞ ബഹുസ്വര സമൂഹമാണ് ഇന്ത്യാ. മതങ്ങൾ പരസ്പരം ബഹുമാനിച്ചും സഹിഷ്ണുതയോടെ പെരുമാറിയും ആണ് ജീവിക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 19, സംസാരത്തിനും ആശയപ്രകടനത്തിനുംമുള്ള സ്വാതന്ത്ര്യം, സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 25,26, സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം , മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം എല്ലാം അനുവദിക്കുന്നുണ്ട്. ആർട്ടിക്കിൾ 29,30 ന്യൂനപക്ഷ താൽപര്യങ്ങളുടെ സംരക്ഷണം ഉറപ്പു നൽകുന്നു. ഈ മൗലിക അവകാശങ്ങളെ റദ്ദ് ചെയ്യുന്ന നടപടികളാണ് ഇത്തരം വിധികളിലൂടെ സംഭവിക്കുന്നത്.

സിംഗിൾ ബെഞ്ചിൻ്റെ ഈ വിധിക്കെതിരെ അപ്പീൽ ഉൾപ്പെടെയുള്ള പരിഹാര മാർഗങ്ങൾ തേടണം. രാഷ്ട്രീയ പരിഹാരവും ആലോചിക്കണം. വിശ്വാസി സമൂഹത്തിൻ്റെ ആശങ്ക ദുരീകരിക്കണം.

Comments
Loading...
%d bloggers like this: