തീവ്രവാദത്തിന്റെ കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത: കര്‍ദ്ദിനാള്‍
അബൂജ: സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് നൈജീരിയായിലെ തീവ്രവാദത്തിനു കാരണമാകുന്നതെന്ന് അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോണ്‍ ഒനായേക്കന്‍. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ വിയോഗത്തിന് പിന്നാലെ വത്തിക്കാന്റെ വാര്‍ത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ദെബോറയുടെ കൊലപാതകത്തെ ബഹുഭൂരിപക്ഷം മുസ്ലീം നേതാക്കളും അപലപിച്ചിരിക്കുന്നു. നൈജീരിയന്‍ മുസ്ലീങ്ങള്‍ നൈജീരിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ചെയ്ത കാര്യമായി ഇതിനെ കാണരുത്. ക്രിസ്തുമതത്തെ വെറുക്കാന്‍ അവരുടേതായ കാരണങ്ങളുള്ള മുസ്ലീങ്ങളുണ്ട്. എന്നാല്‍ നൈജീരിയയില്‍ അവര്‍ ഭൂരിപക്ഷമല്ലെന്ന് ഞാന്‍ ഇപ്പോഴും തറപ്പിച്ചുപറയുന്നു. എന്നാല്‍ അവര്‍ ന്യൂനപക്ഷമായാലും അല്ലെങ്കിലും നമ്മുടെ സമൂഹത്തില്‍ അപകടകരമായ ഘടകങ്ങളുണ്ട് കര്‍ദ്ദിനള്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ട ദെബോറ ഒരു ക്രിസ്ത്യാനിയാണെന്നും ശരിയത്ത് നിയമം ക്രിസ്ത്യാനികളെ ബാധിക്കുന്നില്ലെന്നും അദ്ദേഹം ഓര്‍പ്പിച്ചു. ക്രിസ്ത്യാനികളെ ഒരു ശരീയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുത്. അവള്‍ ഒരു മുസ്ലിമാണെങ്കില്‍ പോലും, നൈജീരിയയില്‍, പ്രാവര്‍ത്തികമായ ശരീഅത്ത് നിയമ പ്രകാരം, വധശിക്ഷ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും സംഭവം മുസ്‌ലിംങ്ങളുമായുള്ള മതപരമായ സംവാദത്തിനുള്ള തങ്ങളുടെ ശ്രമങ്ങളെ വേണ്ടതിലും കൂടുതല്‍ പ്രയാസകരമാക്കിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ദെബോറയുടെ കേസില്‍ സ്വീകരിച്ച നിയമം എങ്ങനെ മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം. ഏത് മതനിന്ദക്കാരനെയും കൊല്ലുക എന്നത് ഒരു മുസ്ലീമിന്റെ കടമയാണെന്ന് പ്രകീര്‍ത്തിക്കുന്ന ചില മുസ്ലീങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ സ്ഥാനം വഹിക്കുന്നവര്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകള്‍, കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍, തുടങ്ങീ വളരെ ഭയാനകമായ സാഹചര്യങ്ങള്‍ , മുമ്പ് സംഭവിക്കാത്ത വിധത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നു. ഇരകളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.