പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മഞ്ഞില്‍പെട്ട് തണുത്ത് മരിച്ചു
ന്യൂയോര്‍ക്ക്: യു.എസിലേക്ക് കടക്കാന്‍ ശ്രമിക്കവേ നാല് പേരടങ്ങിയ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍പെട്ട് തണുത്ത് മരിച്ചു. യുഎസ്/കാനഡ അതിര്‍ത്തിക്കു സമീപം കനേഡിയന്‍ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്‌സനില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. രണ്ട് മുതിര്‍ന്നവര്‍, ഒരു കൗമാരക്കാരന്‍, ഒരു കുഞ്ഞ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി താപനില നിലനില്‍ക്കുന്നിടത്താണ് അപകടമുണ്ടായത്. മരിച്ചവര്‍ ഇന്ത്യയില്‍ നിന്നുള്ള കുടുംബമാണെന്ന് യു.എസ് വ്യക്തമാക്കി.
കനത്ത തണുപ്പിനെ തുടര്‍ന്നാണ് മരണം. ഒരു സംഘം പേര്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാനഡയില്‍നിന്നു യു.എസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവരെന്നാണു പൊലീസ് പറയുന്നത്.
വലിയ മനുഷ്യക്കടത്തിന്റെ ഭാഗമാണ് ഇവരെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. അതിനിടെ, ഗുജറാത്തില്‍നിന്നുള്ളവരെന്നു കരുതുന്ന ഏഴ് ഇന്ത്യക്കാരെ അനധികൃതമായി യു.എസില്‍ എത്തിയതിന് അറസ്റ്റ് ചെയ്തു. അതിര്‍ത്തി വഴിയുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സ്റ്റീവ് ഷാന്‍ഡ് എന്ന യുഎസ് പൗരനെ ഫ്‌ലോറിഡയിലും അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് എമേഴ്‌സന്‍ സംഭവവുമായി ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.
ഇന്ത്യക്കാരുടെ ദാരുണ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ നടുക്കം രേഖപ്പെടുത്തി. വിഷയത്തില്‍ ഉടന്‍ ഇടപെടാന്‍ യു.എസിലെയും കാനഡിയിലെയും അംബാസഡര്‍മാരോടു ഇന്ത്യ നിര്‍ദേശിച്ചു. യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു, കാനഡയിലെ ഹൈക്കമ്മിഷണര്‍ അജയ് ബിസാരിയ എന്നിവരുമായി ജയ്ശങ്കര്‍ സംസാരിച്ചു